ചേന്ദമംഗലം കൂട്ടക്കൊല : കുറ്റപത്രം 15ന് സമർപ്പിക്കും

At Malayalam
1 Min Read

ചേന്ദമം​ഗലം കൂട്ടക്കൊലക്കേസിൽ കുറ്റപത്രം 15ന് സമർപ്പിക്കും. ​ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ജിതിന്റെ ആശുപത്രി റിപ്പോർട്ടും കുറ്റപത്രത്തിനൊപ്പം അന്വേഷക സംഘം സമർപ്പിക്കും. ഋതു ജയനാണ് കേസിലെ ഏക പ്രതി. നാടിനെ നടുക്കിയ സംഭവം നടന്ന് ഒരു മാസം പിന്നിടുമ്പോഴാണ് പറവൂർ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നത്.

അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ ജിതിൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മൊഴി നൽകാനുള്ള സാഹചര്യം ഇല്ലാത്തതിനാലാണ് ആശുപത്രി റിപ്പോർട്ട് ഒപ്പം ചേർത്ത് കുറ്റപത്രം സമർപ്പിക്കുന്നത്. ജനുവരി 18-നാണ് നാടിനെ നടുക്കിയ കൂട്ടക്കൊല നടന്നത്. പേരേപ്പാടം കാട്ടിപ്പറമ്പിൽ വേണു (69), ഭാര്യ ഉഷ (62), മകൾ വിനീഷ (32) എന്നിവരെ അയൽവാസിയായ ഋതു തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വിനീഷയുടെ ഭർത്താവാണ് ജിതിൻ. വിനീഷയുടെയും ജിതിന്റെയും മക്കളുടെ കൺമുന്നിൽ വച്ചാണ് പ്രതി ക്രൂര കൊലപാതകം നടത്തിയത്.

ഋതു ആദ്യം ആക്രമിച്ചത് വിനീഷയെയാണ്‌. ഇതിനുപിന്നാലെ വേണുവിനെയും ഉഷയെയും ആക്രമിച്ചു. ഒടുവിലാണ് ജിതിന്റെ തലയ്ക്കടിച്ചത്‌. കൊല്ലപ്പെട്ട മൂന്നുപേർക്കും മുഖത്തും തലയിലുമാണ്‌ പരിക്കുകൾ. കഴുത്തിനുതാഴെ കാര്യമായ പരിക്കുകളില്ല. വേണുവിന്റെ തലയിൽ ആറും വിനീഷയുടെ തലയിൽ നാലും ഉഷയുടെ തലയിൽ മൂന്നും മുറിവുണ്ട്‌. എട്ട്‌ സെന്റിമീറ്റർവരെ നീളത്തിലുള്ള മുറിവുകളുണ്ടെന്നും പൊലീസ്‌ പറഞ്ഞു.

വേണുവും കുടുംബവും അപകീർത്തിപ്പെടുത്തുന്നതിനാലാണ് കൊലപാതകമെന്നാണ് ഋതു മൊഴി നൽകിയത്. കൊലപാതകത്തിൽ കുറ്റബോധമില്ലാത്ത വിധമാണ്‌ പ്രതിയുടെ പെരുമാറ്റമെന്ന്‌ പൊലീസ് പറഞ്ഞു. ഋതുവിന് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് ആദ്യം കരുതിയിരുന്നതെങ്കിലും കൃത്യമായ ബോധത്തോടെയാണ് പ്രതി കൊല നടത്തിയതെന്നും വൈരാ​ഗ്യത്തിന്റെ പുറത്തുള്ള കൊലപാതകമാണ് നടന്നതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രതിക്ക് കൊലചെയ്തതില്‍ യാതൊരു വിഷമമോ കുറ്റബോധമോ ഇല്ലെന്നും പൊലീസ് പറഞ്ഞു.

- Advertisement -
Share This Article
Leave a comment