ലഹരി മരുന്നു കടത്തിയ കേസിൽ തൃശൂരിൽ രണ്ടു യുവാക്കൾ പിടിയിൽ. കാറിൻ്റെ റിയർ വ്യൂ മീററിൻ്റെ ഉള്ളിൽ കടലാസിൽ പൊതിഞ്ഞു വച്ചിരുന്ന 13 ഗ്രാം എം ഡി എം എ പരിശോധനയിൽ കണ്ടെടുത്തു. തൃശൂർ ചെന്ത്രാപ്പിന്നി ഈസ്റ്റ് സ്വദേശി 21 കാരൻ സാബിത്, കയ്പമംഗലം മതിലകം സ്വദേശി 25 കാരൻ ഫരിദ് എന്നിവരാണ് പൊലിസിനു ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പിടിയിലായത്.
ബംഗളുരുവിൽ നിന്ന് റെഡി മെയ്ഡ് തുണികൾ വാങ്ങി കേരളത്തിൽ വില്പന നടത്തുന്ന ജോലിയാണ് തങ്ങൾ ചെയ്യുന്നതെന്നാണ് ഇവർ പൊലിസിനോട് പറയുന്നത്. സാബിതിൻ്റെ പേരിൽ പൊലിസിൽ ഒരു മയക്കുമരുന്നു കേസ് നിലവിലുണ്ട്. എവിടെ നിന്നാണ് ഇവർ മയക്കുമരുന്ന് വാങ്ങുന്നതെന്നോ ആർക്കാണ് വിൽക്കുന്നതെന്നോ വ്യക്തമായിട്ടില്ല.
തൃശൂർ ജില്ലാ പൊലിസ് മേധാവി (റൂറൽ) കൃഷ്ണകുമാറിന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടർന്നാണ് ഇവരെ നിരീക്ഷിച്ച് പിടികൂടിയത്. വിശദമായ ചോദ്യം ചെയ്യൽ തുടരുകയാണെന്ന് ഡി വൈ എസ് പി പറഞ്ഞു.