നെടുമ്പാശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ രാജസ്ഥാൻ സ്വദേശിയായ മൂന്നു വയസുകാരൻ മാലിന്യ കുഴിയിൽ വീണ് അതിദാരുണമായി മരിച്ചു. വിമാനത്താവളത്തിൽ വന്നിറങ്ങിയ കുടുംബത്തിലെ ഇളയ കുട്ടിയാണ് മരിച്ചത്. രക്ഷിതാക്കൾ വിമാനത്താവളത്തിലെ കഫ്ത്തീരിയക്കുള്ളിൽ ഇരുന്ന് ഭക്ഷണം കഴിക്കുമ്പോൾ കുട്ടികൾ രണ്ടും പുറത്തു നിന്ന് കളിക്കുകയായിരുന്നു. ഇതിനിടയിലാണ് അപകടം ഉണ്ടായത്.
റിദാൻ ജാജു എന്ന മൂന്നു വയസുകാരനാണ് വിമാനത്താവളാധികൃതരുടെ അനാസ്ഥയിൽ ജീവൻ നൽകേണ്ടി വന്നത്. അടച്ചു മൂടിയിട്ടില്ലാത്ത മാലിന്യം നിറഞ്ഞു കിടക്കുന്ന കുഴിയിൽ വീണ കുട്ടി മാലിന്യത്തിൽ താഴ്ന്നു പോവുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെടുകയായിരുന്നു. ആഭ്യന്തര വിമാന ടെർമിനലിനടുത്തുള്ള മാലിന്യം നിറഞ്ഞ കുഴിയാണ് അപകടത്തിനു കാരണമായത്.