എഴുനേൽക്കാൻ ആപും അരവിന്ദും വലിയ വില കൊടുക്കേണ്ടി വരും

At Malayalam
1 Min Read

ഡൽഹിയിൽ താമര പൂത്തുലഞ്ഞപ്പോൾ പ്രമുഖകർക്കെല്ലാം കാലിടറി. അരവിന്ദ് കെജ്രിവാളിൻ്റെ സ്വപ്നങ്ങൾക്ക് തടയിട്ട് ബി ജെ പി തേരോട്ടം നടത്തിയപ്പോൾ ആദ്യം വീണ വമ്പൻ കെജ്രിവാൾ തന്നെ. ന്യൂ ഡൽഹി മണ്ഡലത്തിൽ 3000 വോട്ടുകളുടെ വ്യത്യാസത്തിൽ ബി ജെ പി യിലെ പർവേഷ് വർമ്മ കെജ്രിവാളിനെ കാലുവാരിയിട്ടു. ആ വീഴ്ചയുടെ ആഘാതം എ എ പി യുടേയും വിശിഷ്യാ അരവിന്ദ് കെജ്രിവാളിൻ്റേയും രാഷ്ട്രീയ നിലനിൽപ്പിനു തന്നെ വൻ ഭീഷണിയാകും.

ഡൽഹി മുൻ ഉപ മുഖ്യമന്ത്രിയും എ എ പി യിലെ പ്രമുഖ നേതാവുമായ മനീഷ് സിസോദിയയാണ് താമരത്തേരോട്ടത്തിൽ അടിപതറിയ മറ്റൊരു വമ്പൻ. ജാംഗ്പൂര മണ്ഡലത്തിൽ ബി ജെ പി സ്ഥാനാർത്ഥി അരവിന്ദർ സിംഗിനോട് 600 ൽ താഴെ വോട്ടുകൾക്ക് പരാജയം സമ്മതിക്കേണ്ടി വന്നു സിസോദിയക്ക്. കൂടാതെ ആരോഗ്യ വകുപ്പുമന്ത്രിയായിരുന്ന സത്യേന്ദ്ര ജെയിനും താമരക്കുത്തൊഴുക്കിൽ കാലിടറിപ്പോയി. എന്നാൽ നിലവിൽ ഡൽഹി മുഖ്യമന്ത്രിയായ അതിഷി കൽക്കാജി മണ്ഡലത്തിൽ നിന്ന് വിജയിച്ചു.

ഡൽഹിയിൽ അമ്പേ പരാജയമായ കോൺഗ്രസിലും പ്രമുഖരായ പരാജിതരുണ്ട്. കോൺഗ്രസിൻ്റെ ഡൽഹി അധ്യക്ഷൻ ദേവേന്ദ്ര യാദവ്, മഹിളാ കോൺഗ്രസ് അധ്യക്ഷ ആൽക്കാ ലാമ്പ എന്നിവരും പരാജയത്തിൻ്റെ കയ്പ്പുനീർ നുണഞ്ഞു. മുൻ മുഖ്യമന്ത്രിയായിരുന്ന ഷീല ഭീക്ഷിതിൻ്റെ മകൻ സന്ദീപ് ദീക്ഷിതിൻ്റെ അവസ്ഥയും ദയനീയം തന്നെ.

ഡൽഹിയിലെ തെരഞ്ഞെടുപ്പുഫലം എ എ പി യുടെ രാഷ്ട്രീയ അസ്ഥിത്വത്തിനു നേരേയുള്ള വെല്ലുവിളി കൂടിയാണ്. തനിയ്ക്കെതിരെ ബി ജെ പി ഉയർത്തിയ അഴിമതി ആരോപണങ്ങൾ ജനങ്ങൾക്കിടയിലുയർത്തിയ വികാരം മനസിലാക്കാൻ രാജ്യത്തെ പ്രമുഖനായ ബി ജെ പി വിരുദ്ധ നേതാവിനു കഴിഞ്ഞില്ല എന്നതാണ് ഈ പരാജയം വെളിവാക്കുന്നത്. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് പാർട്ടിയിൽ നിന്ന് ബി ജെ പി യിലേക്കുണ്ടായ കൊഴിഞ്ഞു പോക്കും വലിയ ദോഷമുണ്ടാക്കി എന്നു വേണം കരുതാൻ. എന്തായാലും ഒരു കാര്യം വ്യക്തമാണ്. ഈ പരാജയത്തിനു എ എ പി യും അരവിന്ദും വലിയ വില കൊടുക്കേണ്ടി വരും എന്നതിൽ സംശയം വേണ്ട.

- Advertisement -
Share This Article
Leave a comment