കെഎസ്ആർടിസിയുടെ വികസനത്തിനായി ബജറ്റിൽ നിരവധി പദ്ധതികൾ. പഴയ ബസുകൾക്ക് പകരം ആധുനിക ഡീസൽ ബിഎസ് സിക്സ് ബസുകൾ വാങ്ങുന്നതിന് 107 കോടി രൂപ വകയിരുത്തി. കെഎസ്ആർടിസി അടിസ്ഥാന സൗകര്യ വികസനം, ഡിപ്പോകളുടെയും വർക് ഷോപുകളുടെയും ആധുനികവൽക്കരണം തുടങ്ങിയവയ്ക്കായി 178 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. രണ്ടാം പിണറായി സർക്കാർ ഇതുവരെ 6,864.22 കോടി രൂപ കെഎസ്ആർടിസിക്കായി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. 2016-21 കാലയളവിൽ ഒന്നാം പിണറായി സർക്കാർ 4923.58 കോടി അനുവദിച്ചു. 2011-16 കാലയളവിൽ കെഎസ്ആർടിസിക്ക് 1220.82 കോടി മാത്രമാണ് അനുവദിച്ചത്.
പിണറായി സർക്കാർ ഇതിൽ നിന്നും നാലിരട്ടി കൂടുതൽ അനുവദിച്ചു. ഈ തുക 11-16 കാലയളവിനേക്കാൾ 5.6 മടങ്ങും 16-21 കാലയളവിനേക്കാൾ 1.4 മടങ്ങും അധികമാണ്. 1,11, 87 കോടിയാണ് ആകെ രണ്ട് പിണറായി സർക്കാരുമായി നൽകിയത്. ഇടുക്കി ചെറുതോണിയിൽ കെഎസ്ആർടിസി ഡിപ്പോ പ്രവർത്തനമാരംഭിച്ച് ബസ് സർവീസുകൾ ഈ വർഷം തന്നെ തുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.