ഇന്നു രാവിലെ 9 മണിക്ക് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കും. ജനപ്രിയ നിർദേശങ്ങളും പദ്ധതികളും ഉൾക്കൊള്ളിക്കും എന്നു പ്രതീക്ഷിക്കപ്പെടുന്ന ബജറ്റ് രണ്ടാം പിണറായി വിജയൻ സർക്കാരിൻ്റെ അവസാന സമ്പൂർണ ബജറ്റാണ് എന്നതും ശ്രദ്ധേയമാണ്. മറ്റൊരു കാലത്തും ഉണ്ടാകാത്ത വിധത്തിലുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധി സംസ്ഥാനത്തു നിലനിൽക്കുന്ന സാഹചര്യത്തിൽ വരുമാനം വർധിപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ സ്വാഭാവികമായും ബജറ്റിൽ പ്രതീക്ഷിക്കാം. എന്നാൽ വിലക്കയറ്റത്തിലും മറ്റും നട്ടു തിരിയുന്ന സാധാരണക്കാർക്ക് കൂടുതൽ ബാധ്യതകൾ ഉണ്ടാക്കാൻ പാടില്ല എന്നതും ധനമന്ത്രിയുടെ മുന്നിലുള്ള വലിയ വെല്ലുവിളിയാണ്.
വയനാട് പുനരധിവാസ പദ്ധതി, വിഴിഞ്ഞം തുറമുഖ പദ്ധതി, വിവിധ ക്ഷേമ പെൻഷനുകളുടെ തുക വർധിപ്പിക്കുന്നതോടൊപ്പം കുടിശിക കൊടുത്തു തീർക്കൽ, സർക്കാർ ജീവനക്കാരുടെ പിടിച്ചു വയ്ക്കപ്പെട്ട ആനുകൂല്യങ്ങൾ സമയബന്ധിതമായെങ്കിലും നൽകുക തുടങ്ങി നിരവധി മേഖലകളെ സംബന്ധിച്ച് ബജറ്റിൽ ഉചിതമായ തീരുമാനങ്ങൾ നിർദേശിക്കേണ്ടിവരും. കിഫ്ബി നിർമാണങ്ങളിൽ നിന്ന് വരുമാനമുണ്ടാക്കുന്ന നിർദേശങ്ങളും ബജറ്റിൽ ഉണ്ടാകുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്.