കാട്ടാനയുമായി ജെ സി ബി കൊണ്ട് മൽപ്പിടുത്തം നടത്തിയ ഓപ്പറേറ്റർ പൊലിസ് കേസിൽ കുടുങ്ങി. പശ്ചിമ ബംഗാളിലെ ജാൽ പൈഗരിയിലാണ് സംഭവം നടന്നത്. നാട്ടിലിറങ്ങിയ കാട്ടാന ജെ സി ബി കണ്ട് ആക്രമിക്കാനായി ഓടിയടുത്തു. ഭയന്നു പോയ ഓപ്പറേറ്റർ പ്രാണരക്ഷാർത്തം ജെ സി ബി യുടെ ബക്കറ്റുയർത്തി ആനയെ തടഞ്ഞു.
പാഞ്ഞടുത്ത കാട്ടാന തുമ്പികൈ കൊണ്ട് ജെ സി ബി യുടെ ബക്കറ്റിൻ്റെ കയ്യിൽ പിടിത്തമിട്ടു. ഇതിനിടെ ബക്കറ്റിൽ തട്ടി ആനയുടെ തലയ്ക്കു പരിക്കുപറ്റുകയും ചെയ്തു. വേദന കൊണ്ടാവും ആന ജെ സി ബിയിലെ പിടുത്തം വിട്ട് കാട്ടിലേക്ക് ഓടിക്കയറി. സമൂഹമാധ്യമങ്ങളിൽ മൽപ്പിടുത്ത വീഡിയോ വൈറലായതോടെ ഒരു വിഭാഗം ആന പ്രേമികൾ ഇപ്പോൾ ജെ സി ബി ഓപ്പറേറ്റർക്കെതിരെ തിരിഞ്ഞിരിക്കുകയാണ്.
ആനകളോട് അതിക്രൂരമായാണ് മനുഷ്യൻ പെരുമാറുന്നത് എന്ന രീതിയിൽ ഓപ്പറേറ്റർക്ക് എതിരേ അതിനിശിതമായ രീതിയിലാണ് വിമർശനം ഉണ്ടാകുന്നത്. എന്തായാലും വന്യജീവികളെ ഉപദ്രവിച്ചു എന്ന നിലയിൽ ജെ സി ബി ഓപ്പറേറ്റർക്ക് എതിരായി കേസെടുത്തിരിക്കുകയാണിപ്പോൾ.