തമിഴ്നാട്ടിലെ ജോലാർ പേട്ടയിൽ തീവണ്ടിയിൽ യാത്ര ചെയ്തിരുന്ന നാലു മാസം ഗർഭിണിയായ യുവതിയെ അക്രമികൾ തള്ളി പുറത്തിട്ടു. ട്രെയിനിലെ ശുചിമുറിയിലേക്കു പോയ യുവതിയെ ഇവർ തടഞ്ഞു നിർത്തി ശാരീരികാതിക്രമത്തിനു മുതിരുകയായിരുന്നു. യുവതി ചെറുത്തു നിൽക്കുകയും അക്രമികളെ തള്ളി മാറ്റുകയും ചെയ്തു. തുടർന്ന് യുവതിയെ ഇവർ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ശക്തിയായി പുറത്തേയ്ക്ക് തള്ളി വീഴ്ത്തുകയായിരുന്നു. ഇന്നു പുലർച്ചെയാണ് യുവതിക്കു നേരേ അതിക്രമമുണ്ടായത്.
ആന്ധ്രാപ്രദേശിലെ ചിറ്റൂരിലേക്ക് യാത്ര ചെയ്യുകയായിരുന്ന യുവതിയാണ് ക്രൂരമായ ഈ അതിക്രമത്തിന് ഇരയായത്. കേസുമായി ബന്ധപ്പെട്ട് രണ്ടു പേരെ ഇതിനോടകം പൊലിസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ജോലാർ പേട്ട പൊലിസാണ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റതായാണ് വിവരം. കൈകാലുകളും ഒടിഞ്ഞിട്ടുണ്ട്. വെല്ലൂർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് യുവതിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.