സ്‌ത്രീകൾക്ക് ഇരുചക്രവാഹനം പകുതിവിലയ്ക്ക് നൽകുമെന്ന് വാഗ്‌ദാനം ചെയ്‌ത് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ അറസ്‌റ്റിലായ പ്രതി അനന്തുകൃഷ്‌ണനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. അഞ്ച് ദിവസത്തേക്കാണ് അനന്തുകൃഷ്ണനെ കസ്റ്റഡിയിൽ വിട്ടത്. മൂവാറ്റുപുഴ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിച്ചത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂർ കണ്ണൂർ എന്നിവിടങ്ങളിലായി ഇയാൾക്കെതിരെ നിരവധി പരാതികളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി അനന്തുകൃഷ്ണനെ കസ്റ്റഡിയിൽ വിടണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു.
തട്ടിപ്പ് നടത്തുന്നതിനായി എൻജിഒ പ്രോജക്ട് കൺസൾട്ടിങ് ഏജൻസി എന്ന പേരിൽ ട്രസ്റ്റ് രൂപീകരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ട്രസ്റ്റിലെ അഞ്ച് അംഗങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി. ആക്ടിങ് ചെയർപേഴ്സൺ ബീനാ സെബാസ്റ്റ്യൻ, ട്രസ്റ്റ് അംഗങ്ങളായ അനന്തുകൃഷണൻ, ഷീബാ സുരേഷ്, ആനന്ദ് കുമാർ, ജയകുമാരൻ നായർ എന്നിവരെ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്തും. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ട്രസ്റ്റ് രൂപീകരിച്ചത്. സംസ്ഥാനത്തുടനീളം ട്രസ്റ്റിന് കീഴിൽ 2500 എൻജിഒകൾ രൂപീകരിച്ചതായും പൊലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസം ഒരു അക്കൗണ്ടിൽ മാത്രം 400കോടി രൂപ വന്നതായും കണ്ടെത്തിയിരുന്നു.
അനന്തുകൃഷ്‌ണന്റെ പേരിൽ ഇടുക്കിയിൽ കോടികൾ വിലമതിക്കുന്ന ഭൂസ്വത്തുക്കൾ ഉള്ളതായും കണ്ടെത്തിയുണ്ട്. സിഎസ്‍ആർ ഫണ്ടിന്റെ മറവിൽ 1000 കോടിയുടെ തട്ടിപ്പ് നടന്നതായി പൊലീസ് കണ്ടെത്തി. തട്ടിപ്പ് സംബന്ധിച്ച് കൊല്ലത്ത് അമ്പതോളം പരാതികൾ ലഭിച്ചതായാണ് വിവരം. സംസ്ഥാന ഇന്റലിജൻസിന്റെ നിർദേശപ്രകാരം ചവറ, കരുനാഗപ്പള്ളി, ഓച്ചിറ എന്നിവിടങ്ങളിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. ഏജന്റുമാർ വഴി അനന്തുകൃഷ്ണൻ അമ്പത് ലക്ഷം രൂപ തട്ടിയെടുത്തതായാണ് റിപ്പോർട്ട്. സ്കൂട്ടർ പകുതി വിലയ്ക്ക് നൽകാമെന്നും ഗൃഹോപകരണങ്ങൾ 25% വിലക്കുറവിൽ നൽകാം എന്നു പറഞ്ഞാണ് ഇവിടെയും തട്ടിപ്പ് നടത്തിയിട്ടുള്ളത്.
തട്ടിപ്പ് കേസിൽ വടക്കാഞ്ചേരി കോൺഗ്രസ് നഗരസഭാ കൗൺസിലർ മുഷറ ബഷീറിനെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ താനും തട്ടിപ്പിന് ഇരയായെന്നാണ് മുഷറ പറയുന്നത്. 48 പേർ സ്കൂട്ടർ ലഭിക്കാനായി പണം അടച്ചിരുന്നെന്നും ഇവർക്കാർക്കും സ്കൂട്ടർ ലഭിച്ചിട്ടില്ലെന്നും മുഷറ പറഞ്ഞു. വടക്കാഞ്ചേരിയിൽ മാത്രം നടന്നത് 35 ലക്ഷം രൂപയുടെ തട്ടിപ്പാണ്. തൃശൂർ ജില്ലയിൽ അന്തിക്കാട് സ്റ്റേഷനിലെത്തി ഏഴ് പേർ പരാതി നൽകിയിരുന്നു. ഇതിൽ നാല് പേർ സ്കൂട്ടർ വാങ്ങാനും മൂന്ന് പേർ ഗൃഹോപകരണങ്ങൾ വാങ്ങാനുമാണ് പണം നൽകിയത്.
കണ്ണൂരിലെ 11 പൊലീസ് സ്റ്റേഷനുകളിലായി 2500 പേരാണ് പരാതിയുമായി എത്തിയത്. ഇവിടെ പതിനഞ്ച് കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് കണക്ക്. സൗത്ത് ബസാറിലെ ഓഫീസ് കേന്ദ്രീകരിച്ച് 498 പേർക്ക് പണം നഷ്ടമായതായാണ് പരാതി. കണ്ണൂർ ടൗൺ, വളപട്ടണം, ചക്കരക്കൽ, മയ്യിൽ, ശ്രീകണ്ഠാപുരം തുടങ്ങിയ സ്ഥലങ്ങളിലാണ് തട്ടിപ്പ് വ്യാപകമായി നടന്നത്. കണ്ണൂരിൽ ആദ്യ ഘട്ടത്തിൽ ഗൃഹോപകരണങ്ങൾ വിലക്കുറവിൽ നൽകും എന്ന പേരിലാണ് തട്ടിപ്പ് തുടങ്ങുന്നത്. പിന്നീട് 60,000 രൂപയ്ക്ക് സ്കൂട്ടർ എന്ന പേരിലും തട്ടിപ്പ് നടന്നു.