‘തടങ്കൽ പാളയത്തിലേക്ക് കൊണ്ടുപോകുമ്പോൾ അവൻ അമേരിക്കയിലെത്തി 15 ദിവസം തികഞ്ഞിട്ടേയുള്ളൂ ’ . അമൃത്‌സർ വിമാനത്താവളത്തിൽ ചെറുമകനെയും കാത്ത് നിന്ന മുത്തച്ഛന്റെ കണ്ണിൽ നിന്ന് പേടിയൊഴിഞ്ഞിരുന്നില്ല. അമേരിക്ക അനധികൃത കുടിയേറ്റക്കാരെന്ന് പറഞ്ഞ് തിരിച്ചയച്ചവരിലാണ് പഞ്ചാബിൽ നിന്നുള്ള യുവാവും ഉൾപ്പെട്ടത്. തന്റെ മകൻ പുറത്തുവരുന്നതും നോക്കി മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾ കേൾക്കാതെ രണ്ട് ആഴ്‌ചകൾക്ക് മുമ്പ് മകനെ യാത്രയാക്കിയ ഓർമയിൽ എക്സിറ്റ് ഗേറ്റിൽ നിന്ന് കണ്ണെടുക്കാതെ അമ്മ.
യുഎസ് സൈനിക വിമാനം അമൃത്‌സറിലെത്തുമ്പോൾ വിമാനത്താവളമാകെ അനിശ്ചിതത്വത്തിന്റെയും ആശങ്കയുടെയും മുഖങ്ങൾ കൊണ്ട് നിറഞ്ഞു. പഞ്ചാബിൽ നിന്നുള്ള നിരവധി കുടുംബങ്ങളാണ് ഉറ്റവർക്കായി വിമാനത്താവളത്തിലെത്തിയത്. സാന്റിയാഗോയിൽനിന്ന് വന്ന സി–17 സൈനിക വിമാനം ബുധനാഴ്‌ച ഉച്ചകഴിഞ്ഞ് 1.55നാണ് അമൃത്‌സർ ശ്രീഗുരു രാംദാസ്‌ജി രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങിയത്.
ആദ്യഘട്ടത്തിൽ 18,000 ഇന്ത്യക്കാരെ ട്രംപ് സർക്കാർ മടക്കി അയക്കും. 7,25,000 ഇന്ത്യക്കാർ മതിയായ രേഖകളില്ലാതെ അമേരിക്കയിൽ തങ്ങുന്നതായാണ് പ്യൂ റിസർച്ച് സെന്ററിന്റെ നിഗമനം. എല്ലാവരേയും മടക്കി അയക്കാനാണ് അമേരിക്ക ഉദ്ദേശിക്കുന്നതെന്ന് പാർലമെന്റിന്റെ വിദേശമന്ത്രാലയം സ്‌റ്റാൻഡിങ് കമ്മിറ്റി യോഗത്തിൽ പങ്കെടുത്തതിൽനിന്ന് മനസ്സിലായെന്ന് കോൺഗ്രസ് എംപി രാജീവ് ശുക്ല പ്രതികരിച്ചു. അമേരിക്കയുടെ നടപടി സങ്കുചിത രാഷ്‌ട്രീയ നീക്കത്തിന്റെ ഭാഗമാണെന്ന് പഞ്ചാബ് മുൻ ഡിജിപി ശശി കാന്ത് പ്രതികരിച്ചു.