നേട്ടങ്ങൾ പറഞ്ഞും പരിഹസിച്ചും സഭയിൽ നരേന്ദ്ര മോദി

At Malayalam
1 Min Read

പത്തു വർഷത്തിനിടെ നാലു കോടി നിരാലംബർക്കു വീടുനൽകാൻ തൻ്റെ സർക്കാരിനു കഴിഞ്ഞതായി പ്രധാനമന്ത്രി നരേന്ദ്രമോദി. 25 കോടി ജനങ്ങളുടെ ദാരിദ്ര്യം ഇല്ലാതാക്കാൻ കഴിഞ്ഞതായും പ്രധാനമന്ത്രി അവകാശപ്പെട്ടു. പാർലമെൻ്റ് ബജറ്റ് സമ്മേളനത്തിലെ നന്ദി പ്രമേയ ചർച്ചക്കു മറുപടി പറയവേയാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്. സർക്കാരിൻ്റെ ദാരിദ്ര്യ നിർമാർജന പദ്ധതികൾ വേഗത്തിൽ ലക്ഷ്യം കണ്ടു. വീണ്ടും തങ്ങളെ തെരഞ്ഞെടുത്തതിൽ രാജ്യത്തെ ജനങ്ങളോട് ഏറെ നന്ദിയുണ്ടെന്നും നരേന്ദ്ര മോദി പറഞ്ഞു.

വീടുകളിൽ ശുദ്ധജലം എത്തിയ്ക്കാൻ കഴിഞ്ഞത് വലിയ നേട്ടമായി കാണുന്നു. 12 കോടി ആളുകൾക്ക് ഉപയോഗിക്കാനായി ശൗചാലയങ്ങൾ പണിഞ്ഞു നൽകി. പണ്ടിവിടെ ചിലർ ഗരീബി ഹഠാവോ എന്നു പുലമ്പി നടന്നിരുന്നു. അവരൊക്കെ ഇപ്പോൾ എവിടെയാണെന്നും മോദി പരിഹസിച്ചു. അധികാരം കിട്ടിയ ചിലർ അവസരം ഉപയോഗപ്പെടുത്തി വലിയ മാളിക പണിഞ്ഞു. എന്നിട്ട് പാവങ്ങളുടെ കൂടെ നിന്ന് ഫോട്ടോ എടുത്ത് പത്രത്തിൽ കൊടുക്കും. പേരെടുത്തു പറയാതെ അരവിന്ദ് കെജ്രിവാളിനെയും മോദി കളിയാക്കി.

മോദിയുടെ വിമർശനങ്ങൾക്കെതിരെ പ്രതിപക്ഷാംഗങ്ങൾ ശക്തമായി പ്രതിഷേധമുയർത്തി. അപ്പോഴൊക്കെ സ്പീക്കർ ഇടപെടുകയായിരുന്നു. ചെയർ അവരെ ശല്യം ചെയ്യണ്ടെന്നും അവർ കുറേക്കാലം അവിടെയിരുന്ന് എന്തെങ്കിലുമൊക്കെ പറയട്ടെ എന്ന് വീണ്ടും മോദി പരിഹസിച്ചു. സാങ്കേതിക വിദ്യയിലൂടെ സർക്കാർ പദ്ധതികൾ സുതാര്യമാക്കി എന്നും ഇത് അഴിമതി കുറച്ചതായും പ്രധാനമന്ത്രി പറഞ്ഞു. സർക്കാർ പദ്ധതികളെ യുനിസെഫ് പോലും അംഗീകരിച്ചു, എന്നിട്ടും ചിലർ കാണാത്തപോലെ അഭിനയിക്കുകയാണന്നും മോദി വിമർശിച്ചു.

Share This Article
Leave a comment