കണ്ണൂരിൽ എ ഡി എം ആയിരുന്ന നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് അന്നത്തെ ജില്ലാ പഞ്ചായത്തു പ്രസിഡൻ്റായിരുന്ന പി പി ദിവ്യയ്ക്കെതിരെ സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറിയായ എം വി ജയരാജൻ നടത്തിയ പ്രസ്താവന മണിക്കൂറുകൾക്കുള്ളിൽ അദ്ദേഹം തന്നെ തിരുത്തി. നവീൻ ബാബുവിൻ്റെ ആത്മഹത്യയ്ക്കു പിന്നിൽ പി പി ദിവ്യ നടത്തിയ പ്രസംഗത്തിൻ്റെ അവസാന ഭാഗം കാരണമായി എന്നാണ് ജയരാജൻ ആദ്യം പറഞ്ഞത്. എന്നാൽ തൻ്റെ പ്രസംഗത്തിലെ ഒരു ഭാഗം അടർത്തിമാറ്റിയാണ് ഇത്തരത്തിൽ പ്രചരിപ്പിച്ചതെന്നാണ് ജയരാജൻ പിന്നാലെ പറഞ്ഞത്.
നവീൻ ബാബുവിൻ്റെ മരണത്തിനു ദിവ്യയുടെ പ്രസംഗം കാരണമായി എന്ന പേരിൽ പൊലിസ് ഒരു കേസെടുത്തിട്ടുണ്ടന്നും അത് അന്വേഷിക്കേണ്ടത് പൊലിസാണെന്നുമാണ് താൻ പറഞ്ഞതെന്നാണ് ജയരാജൻ മാറ്റി പറഞ്ഞത്. സി പി എം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ ദിവ്യ വിഷയമടക്കം നിരവധി വിമർശനങ്ങൾ ഉണ്ടായി. എം വി ജയരാജൻ, പി ജയരാജൻ എന്നിവർക്കെതിരെയും രൂക്ഷമായ വിമർശനമുണ്ടായി.