തിരുവനന്തപുരത്തെ പഞ്ചനക്ഷത്ര ഹോട്ടൽ ബോംബു വയ്ച്ച് തകർക്കും എന്ന വ്യാജ ഇ മെയിൽ സന്ദേശത്തിൻ്റെ ഉറവിടം ഇനിയും കണ്ടെത്താനായില്ല. ഇതു സംബന്ധിച്ചു വ്യാപകമായ അന്വേഷണം നടക്കുന്നതായി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ദേശ്മുഖ് ഇന്നലെ തന്നെ പറഞ്ഞിരുന്നു. തമ്പാനൂരിലെ പഞ്ചനക്ഷത്ര ഹോട്ടലായ ഹോട്ടൽ ഫോർട് മാനറിലാണ് ഇ മെയിൽ സന്ദേശം ലഭിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടേ കാലിനു മുമ്പ് മനുഷ്യ ബോംബ് ഹോട്ടൽ തകർക്കും എന്നായിരുന്നു ഇ മെയിൽ സന്ദേശം. ഹോട്ടൽ അധികൃതർ അറിയിച്ചതനുസരിച്ച് ബോംബ് സ്ക്വാഡ് അടക്കമുള്ള പൊലിസ് സംഘമെത്തി ഹോട്ടലിൻ്റെ മുക്കും മൂലയും പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. സമീപകാലത്ത് തിരുവനന്തപുരം നഗരത്തിലെ തന്നെ മറ്റു രണ്ടു പ്രധാന ഹോട്ടലുകൾക്കും ഇത്തരത്തിൽ വ്യാജ ഇ മെയിൽ സന്ദേശം ലഭിച്ചിരുന്നു.