ബാലരാമപുരം കോട്ടുകാൽകോണത്ത് രണ്ടുവയസ്സുകാരി ദേവനന്ദയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായ ഹരികുമാറിനെ പൊലീസ് നാളെ കസ്റ്റഡിയിൽ വാങ്ങും. വിശദമായ ചോദ്യം ചെയ്യലിന് ശേഷം വീണ്ടും തെളിവെടുപ്പ് നടത്തും. നേരത്തെ ചോദിച്ച പല ചോദ്യങ്ങൾക്കും ഇയാൾ മറുപടി നൽകിയിരുന്നില്ല.
കൊലചെയ്യുന്നതിന് മുമ്പ് ഹരികുമാർ നടത്തിയ ഫോൺ ചാറ്റുകൾ, ദേവേന്ദുവിനെ കിണറ്റിൽ കൊണ്ടിടാനുള്ള കാരണം, മുറിക്കുള്ളിൽ തീയിട്ടതിന്റെയും വിറക് പുരക്ക് സമീപം കയർകെട്ടിതൂക്കിയതിന്റെയും കാരണം എന്നിവയും അന്വേഷിക്കും. ദേവേന്ദുവിന്റെ കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കുട്ടിയെ വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉറങ്ങിക്കിടന്ന കുട്ടിയെ രാവിലെ മുതൽ കാണാനില്ലെന്ന് രക്ഷിതാക്കൾ പൊലീസിന് പരാതി നൽകിയിരുന്നു. തുടർന്ന് ബാലരാമപുരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന്റെ മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തിയത്.
അതേ സമയം കുട്ടിയെ കൊന്നതിന്റെ യഥാർഥ കാരണം ഇപ്പോഴും വ്യക്തമല്ല. കുടുംബത്തിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടായത് ദേവേന്ദു ജനിച്ചതിനുശേഷമാണെന്ന് ഹരികുമാർ വിശ്വസിച്ചിരുന്നു. ശ്രീതു ശുചിമുറിയിൽ പോയ സമയത്ത് ഇയാൾ കുട്ടിയെ എടുത്തെറിഞ്ഞെന്നാണ് ശ്രീതു പൊലീസിൽ മൊഴി നൽകിയിട്ടുള്ളത്.