ബാലരാമപുരം കൊലപാതകം ; സാമ്പത്തിക തട്ടിപ്പിൽ കുട്ടിയുടെ അമ്മ ശ്രീതു അറസ്റ്റിൽ

At Malayalam
1 Min Read

തിരുവനന്തപുരം ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടര വയസുകാരിയുടെ അമ്മ ശ്രീതു സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിൽ. ദേവസ്വം ബോർഡിലെ ഉന്നത ഉദ്യോ​ഗസ്ഥയെന്നു പറഞ്ഞാണ് ഇവർ പത്ത് ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്. ശ്രീതുവിനെതിരെ പരാതിയുമായി 3 പേർ രം​ഗത്തെത്തിയിരുന്നു. മറ്റ് പരാതികളിലും അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കുട്ടിയുടെ കൊലപാതകത്തിലും ശ്രീതുവിന് പങ്കുണ്ടോ എന്നതിലും അന്വേഷണം നടക്കുകയാണ്.

അതിനിടെ കുട്ടിയെ കൊന്നതിന്റെ യഥാർത്ഥ കാരണം ഇപ്പോഴും വ്യക്തമല്ല. കുട്ടിയുടെ അമ്മാവൻ കുറ്റം സമ്മതിച്ചുവെങ്കിലും മൊഴി മാറ്റി പറയുന്നത് പൊലീസിനെ കുഴക്കുകയാണ്. ഇയാളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. മാനസികാരോ​ഗ്യ വിദ​ഗ്ധന്റെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. കൊലപാതകത്തിലെ ​ദുരൂഹത നീക്കാനായാണ് കൂടുതൽ ചോദ്യം ചെയ്യൽ.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കുട്ടിയെ വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉറങ്ങിക്കിടന്ന കുട്ടിയെ രാവിലെ മുതൽ കാണാനില്ലെന്ന് രക്ഷിതാക്കൾ പൊലീസിന് പരാതി നൽകിയിരുന്നു. തുടർന്ന് ബാലരാമപുരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന്റെ മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തിയത്.കുടുംബത്തിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടായത് ദേവേന്ദു ജനിച്ചതിനുശേഷമാണെന്ന്‌ ഹരികുമാർ വിശ്വസിച്ചിരുന്നു. ശ്രീതു ശുചിമുറിയിൽ പോയ സമയത്ത് ഇയാൾ കുട്ടിയെ എടുത്തെറിഞ്ഞെന്നാണ് ശ്രീതു പൊലീസിൽ മൊഴി നൽകിയിട്ടുള്ളത്.

Share This Article
Leave a comment