തദ്ദേശ വകുപ്പിന് കീഴിലെ ക്ലീൻ കേരള കമ്പനി ഇ – മാലിന്യം ശേഖരിക്കുക ഇനിമുതൽ കിലോഗ്രാമിന് 55 രൂപയും 18 ശതമാനം ജിഎസ്‌ടിയും എന്ന നിരക്കിൽ. -നിലവിൽ 50 രൂപയും ജിഎസ്‌ടിയും ആയിരുന്നു ഈടാക്കിയിരുന്നത്. ആപൽക്കരമായ വസ്തുക്കൾ അടങ്ങിയിട്ടുള്ള ഇ–മാലിന്യങ്ങൾ എറണാകുളത്ത് പ്രവർത്തിക്കുന്ന കേരള എൻവിറോ ഇൻഫ്രാസ്ട്രക്‌ചർ ലിമിറ്റഡ് (കെഇഐഎൽ) എന്ന സ്ഥാപനത്തിലേക്കാണ് നൽകുന്നത്.
കയറ്റിറക്ക് കൂലി, ഗതാഗതം എന്നിവ കൂടാതെ സംസ്കരണത്തിനായി നൽകുന്ന തുക ഉൾപ്പെടെ കമ്പനിക്ക് 50 രൂപ ചെലവ് വരുന്നുണ്ട്. അതിനാൽ തുക പുതുക്കി നിശ്ചയിക്കണമെന്ന് ക്ലീൻ കേരള കമ്പനി എംഡി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തുക പുതുക്കി നിശ്ചയിച്ച് ഉത്തരവ് ഇറങ്ങിയത്.