2025ലെ കേന്ദ്ര ബജറ്റിൽ കേരളത്തിനോടുള്ള സമീപനം അങ്ങേയറ്റം നിരാശാജനകമാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. രാഷ്ട്രീയമായി താൽപര്യമുള്ള സ്ഥലങ്ങളിൽ കൂടുതൽ കാര്യങ്ങൾ അനുവദിച്ചു. എല്ലാവരോടും തുല്യ സമീപനമല്ല ഉണ്ടായത്. കേരളത്തിന് ന്യായമായ ചില ആവശ്യങ്ങളുണ്ടായിരുന്നു. കേരളത്തിന് പ്രത്യേകമായി ലഭിക്കേണ്ട കാര്യങ്ങൾ വൻ തോതിൽ വെട്ടിക്കുറച്ചു. വയനാട് ദുരന്തത്തിനു വേണ്ടിയുള്ള പക്കേജ് ന്യായമാണെങ്കിലും പരിഗണിച്ചില്ല. 2025ലെ ബജറ്റിൽ നിക്ഷേപം, എക്സ്പോർട്ട്, വികസനം എന്നിവ മാത്രമാണ് പരിഗണിച്ചിട്ടുള്ളത്. 20 വർഷത്തിനിടെ ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ എക്സ്പോർട്ട് പ്രൊമോഷൻ സ്കീമായിരുന്നു വിഴിഞ്ഞം. അതും പരിഗണിച്ച് പ്രത്യേകമായി പണം അനുവദിച്ചിട്ടില്ല. പ്രധാനമായി അനുവദിക്കേണ്ട സ്ഥാപനങ്ങളൊന്നും അനുവദിച്ചിട്ടില്ല. അഞ്ച് ഐഐടികളിൽ പുതിയ കോഴ്സുകൾ ആരംഭക്കുന്നതിനെക്കുറിച്ച് മാത്രമാണ് ബജറ്റിൽ പറഞ്ഞിട്ടുള്ളതെന്നും ധനമന്ത്രി പറഞ്ഞു.
കേന്ദ്ര ബജറ്റ് അനുവദിക്കുമ്പോൾ 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് ആണ് കേരളം ഉറ്റുനോക്കിയിരുന്നത്. രാജ്യത്തെ ഏറ്റവും പ്രധാന തുറമുഖമായി മാറുന്ന വിഴിഞ്ഞത്തിനായി 5,000 കോടിയുടെ പ്രത്യേക പാക്കേജാണ് ആവശ്യപ്പെട്ടിരുന്നത്.വിഴിഞ്ഞത്തിനായി ഇതുവരെ ചെലവിട്ട 8500 കോടിയിൽ 5500 കോടിയും കേരളത്തിന്റേതാണ്. കേന്ദ്രം അനുവദിച്ച വിജിഎഫ് (വയബിലിറ്റി ഗ്യാപ് ഫണ്ട്) തിരിച്ചടയ്‌ക്കണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്നും ആവശ്യമുണ്ടായിരുന്നു. സംസ്ഥാനം ചെലവിട്ട 6000 കോടിരൂപ കടമെടുക്കാൻ അനുവദിക്കണമെന്നതും കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിരുന്നു.