കാശില്ലെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്യാൻ സംവിധാനം അവതരിപ്പിച്ച് റെയിൽവേ. ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആന്റ് ടൂറിസം കോർപറേഷനാണ് (ഐആർസിടിസി) ‘ബുക്ക് നൗ, പേ ലേറ്റർ’ പദ്ധതി അവതരിപ്പിച്ചത്. രണ്ടുവർഷംമുമ്പ് പ്രഖ്യാപിച്ച പദ്ധതി കഴിഞ്ഞ 26 മുതലാണ് നടപ്പാക്കിത്തുടങ്ങിയത്.
ഓൺലൈനിൽ ബുക്ക് ചെയ്യുമ്പോൾ അക്കൗണ്ടിൽ പണമില്ലെങ്കിലും ടിക്കറ്റ് ലഭിക്കുന്ന പദ്ധതിയാണിത്. ഐആർസിടിസി അക്കൗണ്ടിലൂടെ ടിക്കറ്റ് സെലക്ട് ചെയ്‌തശേഷം ‘പേ ലേറ്റർ’ ഓപ്‌ഷൻ തെരഞ്ഞെടുത്താൽ 14 ദിവസംകഴിഞ്ഞ് പണമടച്ചാൽ മതി. ഈ സമയപരിധിക്കുള്ളിൽ പണം നൽകിയില്ലെങ്കിൽ 3.5 ശതമാനം സേവന നിരക്ക് (പലിശ) ബാധകമാകും. അർഥശാസ്‌ത്ര ഫിൻടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി.
ഐആർസിടിസിവഴി ടിക്കറ്റെടുക്കുമ്പോൾ കാലതാമസം നേരിടുന്നതിനാൽ പുതിയ സംവിധാനം എത്രമാത്രം സൗകര്യപ്രദമാകുമെന്ന് പറയാനാകില്ലെന്നാണ് യാത്രക്കാരുടെ പ്രതികരണം.