ജിമ്മുകളിലെ അനധികൃത മരുന്നുകള്‍ കണ്ടെത്തുന്നതിനും അവയുടെ ദുരുപയോഗം തടയുന്നതിനുമായി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് സംസ്ഥാന വ്യാപകമായി പ്രത്യേക പരിശോധനകള്‍ നടത്തി. സംസ്ഥാനത്തെ 50 ജിമ്മുകളില്‍ പരിശോധന നടത്തുകയും ഏകദേശം ഒന്നര ലക്ഷത്തോളം രൂപയുടെ ഉത്തേജക മരുന്നുകള്‍ പിടിച്ചെടുക്കുകയും ചെയ്തു.
ശരീര സൗന്ദര്യ മത്സരങ്ങളുടെ ഭാഗമായി ജിമ്മുകള്‍ കേന്ദ്രീകരിച്ച് ഉത്തേജക മരുന്നുകള്‍ അനധികൃതമായി നല്‍കി വരുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് ഇത്തരത്തില്‍ ഒരു പരിശോധന നടത്തിയത്.
ജിമ്മുകളില്‍ നിന്നും പിടിച്ചെടുത്ത മരുന്നുകളില്‍ പലതും മറ്റു രോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന മരുന്നുകൾ കൂടിയാണ്. തൃശൂരിലെ ഒരു ജിം ട്രെയിനറുടെ വീട്ടില്‍ നിന്ന് വന്‍തോതിലുള്ള മരുന്ന് ശേഖരമാണ് പിടി കൂടിയത്. പിടിച്ചെടുത്ത മരുന്നുകള്‍ എല്ലാം സ്റ്റിറോയ്ഡുകള്‍ അടങ്ങിയവയുമാണ്. ഡോക്ടറുടെ കുറിപ്പടി പ്രകാരം മാത്രം കഴിക്കേണ്ട മരുന്നുകളാണിവ. ഇത്തരം മരുന്നുകള്‍ അംഗീകൃത ഫാര്‍മസികള്‍ക്ക് വഴി മാത്രമേ വില്‍ക്കാനും പാടുള്ളൂ. ഇത്തരത്തിലുള്ള മരുന്നുകളുടെ ഉപയോഗം കൊണ്ട് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയും ഏറെയാണ്.