നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിനെ സമീപിച്ച് ഭാര്യ മഞ്ജുഷ. കുടുംബത്തിന്റെ ആവശ്യം സിംഗിൾ ബെഞ്ച് തള്ളിയ സാഹചര്യത്തിലാണ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. നവീന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് കുടുംബം. വസ്തുതകൾ പരിഗണിക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവിട്ടതെന്നും മഞ്ജുഷ നൽകിയ ഹർജിയിൽ പറയുന്നു.
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സിപിഎം നേതാവ് പി.പി ദിവ്യയാണ് നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രധാന പ്രതി. കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിനെതിരെ പിപി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. നവീന്റെ യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കപ്പെടാതെ എത്തിയ പിപി ദിവ്യ നവീനെ വ്യക്തിഹത്യ നടത്തിയ ശേഷം ഇറങ്ങിപ്പോവുകയായിരുന്നു. പിറ്റേന്നാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന നിഗമനത്തിൽ പൊലീസ് എത്തിയെങ്കിലും മൃതദേഹത്തിലെ രക്തക്കറ അടക്കമുള്ള പാടുകൾ സംശയം ജനിപ്പിക്കുന്നതായിരുന്നു. നവീന്റേത് കൊലപാതകമാണോയെന്ന സംശയം നിലനിൽക്കുന്നതിനാലും പ്രതി സിപിഎം നേതാവ് ആയതിനാലും കേസ് സിബിഐ അന്വേഷിക്കണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം.