തിരശീലയിൽ നിലയ്ക്കാത്ത ചിരി ചിത്രങ്ങൾ നൽകിയ സംവിധായകൻ ഷാഫി ഇനി കണ്ണീരോർമ്മ. അകാലത്തിൽ പൊലിഞ്ഞു പോയ കലാകാരന് കണ്ണീരോടെ സഹപ്രവർത്തകരും സിനിമാ പ്രേമികളും വിടനൽകി. ഇന്നലെ രാത്രി മരിച്ച ഷാഫിയുടെ ഭൗതികദേഹം ഇന്നു പുലർച്ചെ മൂന്നു മണിയോടെ കൊച്ചി എളമക്കരയിലെ വീട്ടിലെത്തിച്ചു.
കൊച്ചിൻ സഹകരണ ബാങ്ക് ഹാളിൽ പൊതുദർശനത്തിനു ശേഷം കറുകപ്പള്ളി ജുമാ മസ്ജിദിൽ അടക്കം ചെയ്തു. നടൻമാരായ മമ്മൂട്ടി, ദിലീപ്, പൃഥിരാജ്, കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി, മന്ത്രി പി രാജീവ് എന്നിവരടക്കം ചലച്ചിത്ര – രാഷ്ട്രീയ – സാംസ്കാരിക മേഖലകളിലെ പ്രമുഖർ ഷാഫിയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു