വയനാട് പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയ്ക്കായുള്ള തിരച്ചിലിനിടെ ദൗത്യസംഘത്തിന് നേരെ കടുവ ആക്രമണം. മാനന്തവാടി ആർആർടി അംഗത്തിന് പരിക്കേറ്റു. മാനന്തവാടി ആർആർടി അംഗം ജയസൂര്യയ്ക്കാണ് പരിക്കേറ്റതെന്നാണ് വിവരം. കടുവയ്ക്കായുള്ള തിരച്ചിലിനിടെയായിരുന്നു ആക്രമണം.
തറാട്ട് ഭാഗത്തുവച്ചാണ് ആക്രമണമുണ്ടായത്. ജയസൂര്യയെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയാണ്. എട്ടുപേരടങ്ങുന്ന സംഘമായി തിരിഞ്ഞായിരുന്നു പരിശോധന. ഇതിനിടയിൽ ഉൾക്കാട്ടിൽ വച്ചാണ് ആക്രമണമുണ്ടായത്. ജയസൂര്യയെ ആക്രമിച്ചപ്പോൾ ഒപ്പമുണ്ടായിരുന്ന ആർആർടി അംഗം കടുവയെ വെടിവച്ചതായും വിവരമുണ്ട്. പ്രദേശത്ത് പരിശോധന വ്യാപകമായി തുടരുകയാണ്. കൂടുതൽ അംഗങ്ങൾ വനത്തിൽ പരിശോധന നടത്തുന്നുണ്ട്.