മലയാളത്തിൻ്റെ അഭിമാനം എം ടി വാസുദേവൻ നായരെ രാജ്യം മരണാനന്തര ബഹുമതി നൽകി ആദരിക്കുന്നു. പത്മവിഭൂഷൺ നൽകിയാണ് എം ടി ക്ക് രാജ്യം ഒരിക്കൽ കൂടി ആദരവ് നൽകുന്നത്. മലയാളത്തിൻ്റെ മറ്റൊരു അഭിമാന കായിക താരമായ പി ആർ ശ്രീജേഷ്, ചലച്ചിത്ര അഭിനേതാക്കളായ ശോഭന, അജിത്, ആരോഗ്യ മേഖലയിൽ നിന്ന് ഡോ: ജോസ് ചാക്കോ പെരിയാപ്പുറം, തെലുങ്ക് ചലച്ചിത്ര അഭിനേതാവ് ബാലകൃഷ്ണ എന്നിവർക്ക് പത്മഭൂഷണും നൽകുന്നു.
ക്രിക്കറ്റു താരം ആർ അശ്വിൻ, മലയാളികളായ മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഐ എം വിജയൻ, സംഗീതജ്ഞ ഡോ : കെ ഓമനക്കുട്ടി തുടങ്ങിയവർക്ക് ഇത്തവണ പത്മശ്രീ നൽകുന്നു. കൂടാതെ സുപ്രിം കോടതി അഭിഭാഷകൻ സി എസ് വൈദ്യനാഥൻ, മൃദംഗവിദ്വാൻ ഗുരുവായൂർ ദ്വരൈ, ഗായകനായ അർജിത് സിംഗ് എന്നിവരും പത്മശ്രീ പുരസ്കാരത്തിന് ഇത്തവണ അർഹരായി.
അന്തരിച്ച വിശ്രുത ഗസൽ ഗായകൻ പങ്കജ് ഉധാസ്, ബി ജെ പി നേതാവ് സുശീൽ കുമാർ മോദി എന്നിവർക്കും മരണാനന്തര ബഹുമതിയായി പത്മഭൂഷൺ നൽകുന്നുണ്ട്.
ഏഴു പേർക്ക് പത്മവിഭൂഷൺ, 19 പേർക്ക് പത്മഭൂഷൺ, 113 പേർക്ക് പത്മശ്രീ എന്നിങ്ങനെയാണ് ഇത്തവണ പത്മ അവാർഡുകൾ പ്രഖ്യാപിച്ചത്.