മെഡിക്കൽ പിജി വിദ്യാർഥിനി പീഡനത്തിനിരയായി കൊല്ലപ്പെട്ടതിനെത്തുടർന്നു രാജ്യവ്യാപക പ്രക്ഷോഭത്തിനു കാരണമായ ആർ.ജി.കർ മെഡിക്കൽ കോളജ് കേസിൽ പ്രതി സഞ്ജയ് റോയ്ക്ക് ജീവപര്യന്തം ശിക്ഷ. കേസ് അപൂർവങ്ങളിൽ അപൂർവമല്ലെന്ന് കോടതി പറഞ്ഞു.
കഴിഞ്ഞവർഷം ഓഗസ്റ്റ് ഒൻപതിനായിരുന്നു കൊലപാതകം. പൊലീസ് സിവിക് വൊളന്റിയറായിരുന്ന പ്രതിയെ കൊൽക്കത്ത പൊലീസ് പിറ്റേന്ന് അറസ്റ്റ് ചെയ്തു. കേസ് പിന്നീട് സിബിഐ ഏറ്റെടുത്തു. പീഡനവും കൊലപാതകവും നടത്തിയത് ഒരാൾ മാത്രമാണെന്നാണു സിബിഐ കണ്ടെത്തിയത്.
ചെയ്ത ക്രൂരത കണക്കാക്കുമ്പോൾ വധശിക്ഷ വരെ നൽകേണ്ടതാണെന്നു ജഡ്ജി അനിർബൻ ദാസ് വാക്കാൽ നിരീക്ഷിച്ചു. പൊലീസിന്റെയും ആശുപത്രി അധികൃതരുടെയും ഭാഗത്തെ വീഴ്ചകൾക്കു തെളിവു ലഭിച്ചിട്ടുണ്ടെന്നും ജഡ്ജി വ്യക്തമാക്കിയിരുന്നു. നിരപരാധിയാണെന്നും കുറ്റം ചെയ്തിരുന്നെങ്കിൽ തന്റെ രുദ്രാക്ഷമാല പൊട്ടിപ്പോകുമായിരുന്നുവെന്നും പ്രതി പറഞ്ഞു. യഥാർഥ കുറ്റവാളികൾ പുറത്തുണ്ടെന്നും ഒരു ഐപിഎസ് ഉദ്യോഗസ്ഥനു പങ്കുണ്ടെന്നും ആരോപിക്കുകയും ചെയ്തു.