മലയാള കവിതാ ലോകത്ത് കാല്പനികവസന്തത്തിനു തുടക്കം കുറിച്ചവരിൽ മുന്നിൽ നിൽക്കുന്ന കവിയാണ് മഹാകവി കുമാരനാശാൻ. മഹാകാവ്യം എഴുതാതെ തന്നെ മഹാകവി പട്ടം ആദരപൂർവം ചാർത്തി നൽകിയ കവി ശ്രേഷ്ഠൻ കൂടിയാണ് അദ്ദേഹം. 1873 ഏപ്രിൽ 12ന് ജനിച്ച അദ്ദേഹം 1924 ജനുവരി 16 നാണ് ഈ ലോകത്തു നിന്നു വിട പറഞ്ഞത്.
കുമാരൻ ആശാന്റെ കാവ്യങ്ങൾ അന്നത്തെ കേരളീയ സാമൂഹിക അന്തരീക്ഷത്തിൽ വമ്പിച്ച മാറ്റങ്ങൾക്കു തുടക്കം കുറിച്ചു എന്നു പറഞ്ഞാൽ അതിൽ തെല്ലും അതിശയോക്തിയില്ല. ഉള്ളൂർ എസ് പരമേശ്വര അയ്യർ, വള്ളത്തോൾ നാരായണ മേനോൻ എന്നിവരോടൊപ്പം ആധുനിക കവിത്രയത്തിലെ പ്രധാനിയായി കുമാരനാശാനെ കണക്കാക്കുന്നു. ആശയഗംഭീരൻ, സ്നേഹഗായകൻ എന്നീ വിശേഷണങ്ങളും അദ്ദേഹത്തിന് കാവ്യമലയാളം ചാർത്തി നൽകിയിട്ടുണ്ട്.
1873 ഏപ്രിൽ 12 ന് ചിറയിൻകീഴ് താലൂക്കിലെ അഞ്ചുതെങ്ങിൽ കായിക്കര ഗ്രാമത്തിലെ തൊമ്മൻവിളാകം വീട്ടിലാണ്, കുമാരു ജനിച്ചത്. അച്ഛൻ നാരായണൻ പെരുങ്ങാടി. അദ്ദേഹം മലയാളത്തിലും തമിഴിലും മികച്ച നൈപുണ്യം ഉള്ള ആളായിരുന്നു.
1907 ൽ ആണ് കുമാരനാശാൻ വീണപൂവ് എന്ന ഖണ്ഡകാവ്യം, മിതവാദി പത്രത്തിൽ പ്രസിദ്ധീകരിച്ചത്. മലയാളകാവ്യാന്തരീക്ഷത്തിൽ അതുവരെ കാണാത്ത തികച്ചും നൂതനമായൊരനുഭവമായിരുന്നു വീണപൂവ് എന്ന ഖണ്ഡകാവ്യം സൃഷ്ടിച്ചത്. വിഷൂചിക എന്ന വ്യാധി പിടിപെട്ട്, ആലുവയിലെ വീട്ടിൽ കിടപ്പിലായിരുന്ന ശ്രീനാരായണഗുരുവിന്റെ അവസ്ഥയിൽനിന്നാണ് വീണപൂവിന്റെ ആദ്യവരികൾ രൂപംകൊണ്ടതെന്നു പറയപ്പെടുന്നു.
കവിതാരചനയെക്കുറിച്ചുള്ള തന്റെ ഉൾക്കാഴ്ച്ചകൾ കാവ്യകല അഥവാ ഏഴാം ഇന്ദ്രിയം എന്നപേരുള്ള കവിതയിൽ ആശാൻ അർത്ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്. ഒട്ടനവധി സ്തോത്ര കൃതികളും ഭാവഗീതങ്ങളും ലഘുകവിതകളും അദ്ദേഹം രചിച്ചിട്ടുമുണ്ട്. ആശാന്റെ ഭാവഗീതങ്ങളും ലഘുകവിതകളും മണിമാല, വനമാല, പുഷ്പവാടി തുടങ്ങിയ സമാഹാരങ്ങളിൽ അദ്ദേഹം ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇവയ്ക്കുപുറമേ ബുദ്ധചരിതം, സൗന്ദര്യലഹരി, ബാലരാമായണംതുടങ്ങി പ്രമുഖങ്ങളായ ചില വിവർത്തനങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. കുമാരനാശാന്റെ ഗദ്യലേഖനങ്ങൾ മൂന്നുവാല്യങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കരുണ, ലീല, ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ എന്നിങ്ങനെ നിരവധി ജനപ്രിയ കൃതികളും മഹാകവി കുമാരനാശേൻ്റതാണ്.