മലപ്പുറത്ത് നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവിൻ്റെ പീഡനമാണ് മരണകാരണമെന്ന് യുവതിയുടെ വീട്ടുകാർ പറയുന്നു. കൊണ്ടോട്ടി സ്വദേശിയായ 19 കാരി ഷഹാന മുംതാസിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൊറയൂർ സ്വദേശി അബ്ദുൾ വാഹിദാണ് മുംതാസിൻ്റെ ഭർത്താവ്. കഴിഞ്ഞ വർഷം മേയ് മാസത്തിലായിരുന്നു ഇവരുടെ വിവാഹം.
ഷഹാന മുംതാസിന് നിറം കുറവാണെന്നും ഇംഗ്ലീഷ് തീരെ അറിയില്ലെന്നുമാണ് വാഹിദിൻ്റെ പരാതി. ഇതേ ചൊല്ലി മുംതാസിനെ നിരന്തരമായി വാഹിദ് മാനസിക പീഡനം നടത്തി എന്നാണ് വീട്ടുകാരുടെ പരാതി. വിവാഹ ശേഷം വിദേശത്തു പോയപ്പോഴാണ് ഇക്കാര്യങ്ങൾ പറഞ്ഞ് മുംതാസിനെ നിരന്തരം ഉപദ്രവിച്ചിരുന്നതെന്നും വീട്ടുകാർ പറയുന്നു. വിവാഹ ബന്ധം വേർപ്പെടുത്താം എന്ന നിലപാടിലായിരുന്നു വാഹിദ്. ഇക്കാര്യത്തിൽ മുംതാസ് അതീവ ദുഃഖിതയായിരുന്നതായി വീട്ടുകാർ പറഞ്ഞു. വിവാഹ മോചിതയായ ശേഷം താൻ എന്തു ചെയ്യുമെന്ന് പല തവണ പെൺകുട്ടി വീട്ടുകാരോട് ചോദിച്ചതായും പറയുന്നു. യുവതിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.