തേനീച്ചയുടെ ആക്രമണം ഭയന്ന് ഓടി കനാലിൽ ചാടിയ ആൾ മരിച്ചു. പാലക്കാട് ജില്ലയിലെ കണക്കം പാറ സത്യരാജ് എന്ന കർഷകനാണ് ദുർവിധിയുണ്ടായത്. 73 വയസായിരുന്നു സത്യരാജിൻ്റെ പ്രായം. ഭാര്യയുമായി കൃഷിയിടത്തിലേക്ക് പോയപ്പോഴാണ് സത്യരാജിൻ്റെ നേർക്ക് തേനീച്ചകൾ പാഞ്ഞടുത്തത്. ഭയന്നു പോയ അദ്ദേഹം തൊട്ടടുത്ത കനാലിലേക്ക് എടുത്തു ചാടുകയായിരുന്നു.
നീന്തലറിയാമായിരുന്നെങ്കിലും നല്ല ഒഴുക്കുണ്ടായിരുന്നതിനാൽ പെട്ടന്ന് സത്യരാജ് അവശനാവുകയും ഒഴുക്കിൽപ്പെടുകയുമായിരുന്നു. നാട്ടുകാർ ഓടിയെത്തി അഗ്നിശമന സേനയെ വിവരമറിയിച്ചു. അടിയന്തര രക്ഷാപ്രവർത്തനം നടത്തിയെങ്കിലും സത്യരാജിൻ്റെ ജീവൻ രക്ഷിക്കാനായില്ല. തേനീച്ചയുടെ ആക്രമണത്തിൽ പരിക്കുപറ്റിയ ഭാര്യയെ ചിറ്റൂരിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.