തിരുവനന്തപുരം മടവൂരിൽ സ്‌കൂള്‍ ബസിന് അടിയില്‍പ്പെട്ട് മരിച്ച കൃഷ്‌ണേന്ദുവിന് കണ്ണീരോടെ വിട നൽകി നാട്. മടവൂർ ഗവ. എൽപിഎസിലെ രണ്ടാം ക്ലാസ് വിദ്യാർഥിയായിരുന്നു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ഉച്ച കഴിഞ്ഞ് സ്കൂളിൽ പൊതുദർശനം നടത്തി. പ്രിയപ്പെട്ട വിദ്യാർഥിയെ കാണാൻ അധ്യാപകരും ഒപ്പം കളിച്ചു ചിരിച്ച് നടന്ന കൂട്ടുകാരിയെ ഒരുനോക്കു കൂടി കാണാൻ സഹപാഠികളും എത്തി. തുടർന്ന് വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്.
ഇന്നലെ വൈകിട്ടോടെ കൃഷ്ണേന്ദുവിന്റെ വീടിന് മുന്നിൽവച്ചാണ് അപകടമുണ്ടായത്. സ്കൂൾ ബസിറങ്ങിയ കൃഷ്ണേന്ദു വീട്ടിലേക്ക് നടക്കുന്നതിനിടയിൽ ബസിനടയിലേക്ക് വീഴുകയായിരുന്നു. ബസിന്റെ പിൻചക്രം കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മടവൂർ സ്വദേശികളായ മണികണ്ഠന്റെയും ശരണ്യയുടെയും മകളാണ് കൃഷ്ണേന്ദു. മണികണ്ഠൻ കെഎസ്ആർടിസി ജീവനക്കാരനാണ്.