ചൈനയിൽ ഹ്യൂമൻ മെറ്റാന്യൂമോ വൈറസ് (എച്ച്‌എംപിവി) പടരുന്നതായ റിപ്പോർട്ടിൽ ആശങ്ക വേണ്ടെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്‌ഒ). അതിശൈത്യ കാലാവസ്ഥയിൽ രാജ്യത്ത് ശ്വാസകോശ രോഗങ്ങളിൽ പ്രതീക്ഷിക്കുന്ന വർധന മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും ഡബ്ല്യുഎച്ച്‌ഒ ഡിസീസ് ഔട്ട്‌ബ്രേക്ക് റിപ്പോർട്ട് വ്യക്തമാക്കി.
ആശുപത്രികൾ നിറഞ്ഞുകവിഞ്ഞതായ റിപ്പോർട്ടുകൾ ശരിയല്ലെന്നും റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ വർഷത്തേക്കാൾ കുറവ് രോഗികൾ മാത്രമാണ് ചികിത്സ തേടിയതെന്ന് ചൈന വ്യക്തമാക്കിയിട്ടുണ്ട്. യൂറോപ്പ്, സെൻട്രൽ അമേരിക്ക, കരീബിയൻ, വെസ്‌റ്റേൺ ആഫ്രിക്ക, മിഡിൽ ആഫ്രിക്ക എന്നിവിടങ്ങളിലും ചില ഏഷ്യൻ രാജ്യങ്ങളിലും ഇൻഫ്ലുവൻസ വർധിക്കുന്നതായും ഡബ്ല്യുഎച്ച്‌ഒ ചൂണ്ടിക്കാട്ടി.
ശൈത്യത്തിൽ ശ്വാസകോശ രോഗങ്ങൾ വർധിക്കുന്ന രാജ്യങ്ങളിൽ മുൻനിശ്ചയിക്കപ്പെട്ടിട്ടുള്ള പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണമെന്നും നിർദേശിച്ചു.