മലയാളത്തിന് ഭാവഗായകൻ ഒരാളേയുള്ളു. ലക്ഷണമൊത്ത ഗായകർ എന്ന് മലയാളം തിട്ടപ്പെടുത്തി വച്ചതും രണ്ടു പേരെയാണ്. ഒന്ന് ഗന്ധർവ ഗായകൻ മറ്റേയാൾ ഭാവഗായകൻ. ചുരുക്കത്തിൽ കെ ജെ യേശുദാസ് , പി ജയചന്ദ്രൻ എന്ന രണ്ടു പേരുകാരിൽ ഒരാൾ ഇനിയില്ല. പ്രായം കൊണ്ട് ഇളയവനായ പി ജയചന്ദ്രൻ ഇനി നീറുന്ന ഓർമയാണ്. ആ നാദധാര ഇനിയും, മലയാളി ഉള്ളടത്തോളം ഒപ്പം ഉണ്ടാകും ; ആയിരക്കണക്കിനു ഗാനങ്ങളിലൂടെ.
കാഴ്ചയിൽ ഗൗരവക്കാരനെങ്കിലും മലയാളിയുടെ ജയേട്ടൻ ഉള്ളിൽ ചിരി മാത്രം സൂക്ഷിയ്ക്കുന്ന ഉത്തമ സഹൃദയ കലാകാരനായിരുന്നു. ഇഷ്ടപ്പെട്ട സുഹൃത് വട്ടങ്ങളിൽ തമാശ പൊട്ടിച്ച് കുലുങ്ങി ചിരിയ്ക്കുന്ന ജയേട്ടനെ മാത്രമേ കാണാൻ കഴിയൂ. ആ സൗഹൃദ സദസുകൾ മിക്കപ്പോഴും സദിരുകളുടെ വിസ്മയ സദസുകൾ കൂടിയായിരുന്നു. തൻ്റെ പാട്ടൊഴികെ മറ്റു ഗായകർ അനശ്വരങ്ങളാക്കിയ പാട്ടുകൾ ഇടതടവില്ലാതെ ജയേട്ടൻ പാടിക്കൊണ്ടേയിരിക്കും, ഒരു കല്ലോലിനിയുടെ കുളിരോലുന്ന ഒഴുക്കു പോലെ.
മുഹമ്മദ് റഫിയെ ഗുരുവായും ലോകത്തിലെ ഏറ്റവും മഹാനായ ഗായകനായും കാണുന്ന ജയചന്ദ്രന് അറിയാത്ത റഫി പാട്ടുകളില്ലായിരുന്നു. അതിങ്ങനെ സൗഹൃദ സഹൃദയർക്കായി പാടിക്കൊണ്ടിരിക്കും. പിന്നാലെ ലതാമങ്കേഷ്കർ , പി സുശീല, എസ് ജാനകി, യേശുദാസ്, മന്നാഡേ , കിഷോർ കുമാർ എന്നിവരുടെ പാട്ടുകൾ.
ദക്ഷിണാമൂർത്തി സ്വാമി, എം എസ് വിശ്വനാഥൻ, ജി ദേവരാജൻ, കെ രാഘവൻ, എം കെ അർജുനൻ എന്നിവരുടെ പാട്ടുകൾ പ്രാണനായിരുന്നു അദ്ദേഹത്തിന്. പ്രശസ്ഥരായ നിരവധി പേർക്ക് വഴി തുറക്കുന്നതിനും ജയചന്ദ്രൻ നിമിത്തമായിട്ടുണ്ട്. ജോൺസൺ മാസ്റ്ററെ ദേവരാജൻ മാസ്റ്റർക്ക് പരിചയപ്പെടുത്തിയത് ജയചന്ദ്രനാണ്. രവീന്ദ്രൻ മാസ്റ്റർക്കും വഴി തുറന്നു അദ്ദേഹം. മിൻമിനിയെ ഇളയ രാജയ്ക്കു പരിചയപ്പെടുത്തിയതും ജയചന്ദ്രൻ തന്നെ.
പാടി കൊതി തീരാതെ, അതിലേറെ പാട്ടു കേട്ടും സംഗീതജ്ഞരെ പറ്റി പറഞ്ഞും തൃപ്തി വരാതെ ജയേട്ടൻ മടങ്ങുകയാണ്. നമുക്ക് എന്തു ചെയ്യാനാകും, വേദനയോടെ കണ്ടു നിൽക്കാനല്ലാതെ. അദ്ദേഹത്തിന് ഏകാന്ത പഥികനായി പോകാനല്ലേ കഴിയൂ. കാവ്യ പുസ്തകമായ ജീവിതം മടക്കി, അതിൽ കണക്കുകൾ കൂട്ടിയും കിഴിച്ചും കാലം കഴിയ്ക്കാതെ, പാടി സന്തോഷിപ്പിച്ചും ജീവിതം തന്നെ സംഗീതമാക്കിയും പ്രിയ ജയേട്ടൻ പാട്ടിന് വിരാമമിട്ടിരിയ്ക്കുന്നു. പ്രാണനെടുക്കുന്ന വേദനയോടെ സംഗീത പ്രേമികൾ വിട തരുന്നു ജയേട്ടാ …..ഇനിയെന്നു കാണും നമ്മൾ…