നികുതി അടയ്ക്കൂ , അടിപൊളി സമ്മാനം നേടൂ

At Malayalam
1 Min Read

നികുതി അടച്ചാൽ നല്ല അടിപൊളി സമ്മാനവും വാങ്ങി വീട്ടിലേക്കു മടങ്ങാം. ഒന്നാം സമ്മാനം സ്മാർട് ടെലിവിഷൻ, രണ്ടാം സമ്മാനമാണെങ്കിലോ പ്രഷർ കുക്കർ, എന്നു വേണ്ട നിരവധി സമ്മാനങ്ങൾ വേറെയും സ്വന്തമാക്കാം. ഒറ്റ കാര്യം മാത്രം നഗരസഭയിൽ അടയ്ക്കാനുള്ള നികുതി ഫെബ്രുവരി 28 നകം അടച്ചിരിക്കണം. മലപ്പുറം നഗരസഭയാണ് നികുതി ദായകർക്ക് വമ്പിച്ച പുതുവത്സര ഓഫറുമായി എത്തിയിരിക്കുന്നത്.

നികുതി ദായകർക്കു മാത്രമല്ല കൗൺസിലർമാർക്കും കിട്ടും സമ്മാനം. ഏറ്റവും കൂടുതൽ നികുതി നഗരസഭയിൽ അടയ്ക്കാൻ നേതൃത്വം കൊടുക്കുന്ന കൗൺസിലർക്ക് എട്ടു ലക്ഷം രൂപയുടെ അധിക പ്രവൃത്തികൾക്കുള്ള പണം തനതു ഫണ്ടിൽ നിന്നും കൂടുതലായി നൽകും. കഴിഞ്ഞില്ല, ഒരു വാർഡിൽ നിന്നും 70 ശതമാനത്തിലധികം നികുതി പിരിക്കുന്ന കൗൺസിലറെ മെമൻ്റോ നൽകി ആദരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

നികുതി പിരിവ് ഊർജിതമാക്കുന്നതിൻ്റെ ഭാഗമായി കുടുംബശ്രീയുടെ സഹായത്തോടെ നികുതിദായകർക്ക് ഡിമാൻ്റ് നോട്ടീസ് നൽകുന്ന നടപടികളും തുടങ്ങും. ഫെബ്രുവരി മാസത്തെ അവധി ദിവസങ്ങൾ അടക്കം എല്ലാ ദിവസവും നികുതി പിരിക്കുന്നതിനുള്ള സംവിധാനവും ഏർപ്പാടാക്കിയിട്ടുണ്ട്.

Share This Article
Leave a comment