ടോവിനോ തോമസും ആസിഫലിയും മുഖ്യാതിഥികളായി ഉണ്ടാകും
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും. സമാപന സമ്മേളനം വൈകിട്ട് അഞ്ചിന് സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരങ്ങളായ ടോവിനോ തോമസ്, ആസിഫലി എന്നിവര്‍ മുഖ്യാതിഥികളായി പരിപാടിയിൽ പങ്കെടുക്കും.നിയമസഭാ സ്പീക്കർ, മന്ത്രിമാർ, എം പിമാർ, എം എൽ എ മാർ, ഉദ്യോഗസ്ഥ പ്രമുഖർ തുടങ്ങിയവരും പങ്കാളികളാകും.
ഒന്നാം സ്ഥാനക്കാർക്ക് നൽകുന്ന സ്വര്‍ണ കപ്പ് രൂപകല്പന ചെയ്ത ചിറയിന്‍കീഴ് ശ്രീകണ്ഠന്‍നായരെ സമാപന ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിക്കും. പാചക രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന പഴയിടം മോഹനന്‍ നമ്പൂതിരി, കലോത്സവത്തിന്റെ വിജയത്തിൽ പ്രധാന പങ്കു വഹിച്ച ഹരിത കര്‍മ്മസേനയിലെ അംഗങ്ങൾ, പന്തല്‍, ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ് തുടങ്ങിയ പ്രവൃത്തികൾ ചെയ്തവരെയും ചടങ്ങിൽ ആദരിക്കുന്നുണ്ട്. വിവിധ വിഭാഗങ്ങളിലായി 75 ൽ അധികം പുരസ്‌കാരങ്ങളാണ് നല്‍കുന്നത്. വേദിയിലെത്തി സമ്മാനം സ്വീകരിക്കുന്നതിന് പരമാവധി ഒരു സംഘത്തിൽ നിന്ന് പത്തു പേരെ മാത്രമേ അനുവദിക്കൂ. എട്ട് വിദ്യാര്‍ഥികളും രണ്ട് അധ്യാപകരും അടങ്ങുന്ന സംഘത്തിനാണ് അനുമതി നൽകിയിരിക്കുന്നത്. ഇതിനായി ഇവര്‍ക്ക് പ്രത്യേകം തിരിച്ചറിയല്‍ കാര്‍ഡും നല്‍കുന്നുണ്ട്. വേദിയിലെ അനാവശ്യ തിരക്ക് ഒഴിവാക്കുന്നതിനാണ് ഇത്തരത്തിൽ ഒരു ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്.
സമാപന സമ്മേളനം നടക്കുന്നതിനാൽ തിരുവനന്തപുരം നഗരത്തില്‍ ഗതാഗത ക്രമീകരണം ഉണ്ടാകും. സെന്‍ട്രല്‍ സ്റ്റേഡിയത്തിനുള്ളിലേക്ക് പൊതുജനങ്ങളുടെ വാഹനങ്ങള്‍ക്ക് പ്രവേശിക്കാന്‍ അനുമതി ഉണ്ടാകില്ല.
ഉച്ചതിരിഞ്ഞ് രണ്ടുമണിയോടെ തന്നെ മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന രീതിയിലാണ് നിലവിൽ ക്രമീകരണം നടത്തിയിട്ടുള്ളത്. മൂന്നരയോടെ അപ്പീലുകള്‍ അടക്കമുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കും. നാലു മണിയോടെ സ്വര്‍ണ കപ്പ് വേദിയിലേക്കു കൊണ്ട് വരുമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.