നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്ന് (ജനുവരി 7) തുടക്കം

At Malayalam
2 Min Read

സംസ്ഥാന നിയമസഭയുടെ നേതൃത്വത്തില്‍ ഇന്നു മുതൽ ഈ മാസം 13 വരെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്നു തുടക്കമാവും. രാവിലെ 10.30ന് നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുസ്തകോത്സവം ഉദ്ഘാടനം ചെയ്യും. പ്രശസ്ഥ സാഹിത്യകാരൻ എം മുകുന്ദന് മുഖ്യമന്ത്രി നിയമസഭാ അവാര്‍ഡ് വേദിയിൽ സമ്മാനിക്കും. സ്പീക്കര്‍ എ എന്‍ ഷംസീര്‍ അദ്ധ്യക്ഷനാകുന്ന പരിപാടിയിൽ വിശിഷ്ടാതിഥിയായി കര്‍ണാടക നിയമസഭാ സ്പീക്കര്‍ യു ടി ഖാദര്‍ ഫരീദ് പങ്കെടുക്കും.

ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, മന്ത്രിമാരായ വി ശിവന്‍കുട്ടി, സജി ചെറിയാന്‍, ജി ആര്‍ അനില്‍, പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, ജില്ലാ കളക്ടര്‍ അനുകുമാരി എന്നിവരും പങ്കെടുക്കുന്നുണ്ട്.

ജനുവരി 13 ന് ഉച്ചതിരിഞ്ഞ് 3.30 നുള്ള സമാപന ചടങ്ങ് തെന്നിന്ത്യൻ ചലച്ചിത്ര നടന്‍ പ്രകാശ് രാജ് ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര നടന്‍ ഇന്ദ്രന്‍സിനെ ചടങ്ങില്‍ ആദരിക്കുകയും ചെയ്യും. പ്രശസ്ത ശ്രീലങ്കന്‍ സാഹിത്യകാരി വി വി പത്മസീലി മുഖ്യാതിഥിയായി പങ്കെടുക്കും.

രാഷ്ട്രീയം, കല, സാഹിത്യം, സിനിമ മേഖലകളിലെ പ്രമുഖര്‍ വിവിധ ദിവസങ്ങളിൽ പുസ്തകോത്സവത്തിൽ പങ്കാളികളാകുന്നുണ്ട്. 250 സ്റ്റാളുകളിലായി 166 ൽ അധികം ദേശീയ അന്തര്‍ദേശീയ പ്രസാധകര്‍ പങ്കെടുക്കുന്ന മേളയില്‍ 313 പുസ്തകപ്രകാശനങ്ങള്‍ക്കും 56 പുസ്തക ചര്‍ച്ചകള്‍ക്കും വേദിയൊരുങ്ങും. പാനല്‍ ചര്‍ച്ചകള്‍, ഡയലോഗ്, ടാക്ക്, മീറ്റ് ദ ഓതര്‍, സ്മൃതിസന്ധ്യ, കവിയരങ്ങ്, കഥാപ്രസംഗം, കവിയും കവിതയും, കഥയരങ്ങ്, ഏകപാത്രനാടകം, സിനിമയും ജീവിതവും തുടങ്ങി വിവിധ വിഭാഗങ്ങളില്‍ 70ലധികം പരിപാടികളും ഇതിൻ്റെ ഭാഗമായി നടക്കും.

- Advertisement -

കുട്ടികള്‍ക്കായി ഒരുക്കുന്ന സ്റ്റുഡന്റ്‌സ് കോര്‍ണറാണ് ഈ പതിപ്പിലെ മറ്റൊരു പ്രധാന സവിശേഷത. വിദ്യാര്‍ത്ഥികള്‍ രചിച്ച പുസ്തകങ്ങള്‍ അവിടെ വച്ച് പ്രകാശനം ചെയ്യും. കുട്ടികള്‍ക്കായുള്ള സ്റ്റേജ് പ്രോഗ്രാമുകളും അവതരിപ്പിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് നിയമസഭാ ഹാള്‍, മ്യൂസിയങ്ങള്‍, മൃഗശാല എന്നിവ സന്ദര്‍ശിക്കാനുള്ള പാക്കേജും പുസ്തകമേളയുടെ ഭാഗമായി ഒരുക്കുന്നുണ്ട്. കെ എസ് ആര്‍ ടി സിയുടെ ഡബിള്‍ ഡെക്കര്‍ ബസില്‍ സിറ്റി റൈഡിനും അവസരമുണ്ട്. ദിവസവും വൈകിട്ട് 7 മുതല്‍ വിവിധ മാധ്യമങ്ങളുടെ നേതൃത്വത്തിലുള്ള മെഗാഷോ അരങ്ങേറും. പുസ്തകോത്സവ സ്റ്റാളുകളില്‍ നിന്ന് വാങ്ങുന്ന 100 രൂപയില്‍ കുറയാത്ത പര്‍ച്ചേസിന് സമ്മാന കൂപ്പണ്‍ നല്‍കും. എല്ലാ ദിവസവും നറുക്കിട്ട് 20 വിജയികള്‍ക്ക് 500 രൂപയുടെ പുസ്തക കൂപ്പണ്‍ നല്‍കും. പുസ്തകോത്സവത്തിന്റെ ഭാഗമായി ഫുഡ്‌കോര്‍ട്ടും പ്രവർത്തിക്കും.

ശങ്കരനാരായണന്‍ തമ്പി ഹാളാണ് പ്രധാന വേദിയായി സജ്ജീകരിച്ചിട്ടുള്ളത്. അസംബ്ലി – അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കുകള്‍ക്കിടയിലെ വേദി, നിയമസഭയിലെ സ്റ്റുഡന്റ്‌സ് കോര്‍ണര്‍, പ്രസാധകർക്കുള്ള വേദികള്‍, ബുക്ക് ഒപ്പിടുന്നതിനുള്ള പ്രത്യേക വേദി ഉള്‍പ്പെടെ ഏഴു വേദികളിലായാണ് പരിപാടികള്‍ നടക്കുക.

Share This Article
Leave a comment