ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് നിരീക്ഷണത്തിൽ : അന്വേഷണം കടുപ്പിച്ച് പൊലീസ്

At Malayalam
1 Min Read

സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ നടി ഹണി റോസിന്റെ മൊഴി രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം സെൻട്രൽ സ്റ്റേഷനിൽ നേരിട്ടെത്തിയാണ് ഹണി റോസ് മൊഴി നൽകിയത്. വിഷയത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കി. ഹണി റോസിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് നിരീക്ഷണത്തിലാണ്. മോശം കമന്റുകളിടുന്നവർക്കെതിരെ നടപടിയുണ്ടാകും. നടിയുടെ പരാതിയിൽ കഴിഞ്ഞ ദിവസം ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. സ്‌ത്രീ വിരുദ്ധ കമന്റിട്ട മുപ്പതോളം പേർക്കെതിരെയാണ്‌ കേസെടുത്തിരിക്കുന്നത്‌. കേസിൽ കൂടുതൽ അറസ്‌റ്റുണ്ടാകുമെന്നാണ്‌ സൂചന. ഒരു വ്യക്തി തുടർച്ചയായി തന്നെ വേദികളിൽ ദ്വയാർഥ പ്രയോഗം നടത്തി അപമാനിക്കുന്നുവെന്ന്‌ ഞായറാഴ്‌ച ഹണി റോസ്‌ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌ പങ്കുവച്ചിരുന്നു. അതിലാണ്‌ ചിലർ സ്‌ത്രീവിരുദ്ധ കമന്റുകളുമായെത്തിയത്‌.

പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ അസഭ്യവാക്കുകൾ പറയുന്നവരോട്‌ എല്ലാ സ്‌ത്രീകൾക്കുംവേണ്ടി യുദ്ധം പ്രഖ്യാപിക്കുകയാണെന്ന്‌ താരം ഫേസ്ബുക്കിൽ കുറിച്ചിരുന്നു. വിമർശങ്ങളിൽ അസഭ്യ അശ്ലീല പരാമർശങ്ങളുണ്ടെങ്കിൽ ഭാരതീയ ന്യായസംഹിത പ്രകാരം സ്ത്രീക്കുള്ള എല്ലാം സംരക്ഷണ സാധ്യതകളും പഠിച്ച് രംഗത്തെത്തും. അഭിനേത്രി എന്ന നിലയിൽ വിളിക്കുന്ന ചടങ്ങുകൾക്ക് പോകുന്നത് തന്റെ ജോലിയുടെ ഭാഗമാണ്. ഇന്ത്യയിലെ നിയമ സംവിധാനം അനുവദിക്കാത്ത ഒരു വസ്ത്രവും ധരിച്ച് പൊതുവേദിയിൽ എത്തിയിട്ടില്ല. വസ്ത്രധാരണത്തെക്കുറിച്ചോ തന്നെക്കുറിച്ചോ ക്രിയാത്മകമായോ സർഗാത്മകമായോ വിമർശിക്കുന്നതിലും തമാശ ഉണ്ടാക്കുന്നതിലും വിരോധമില്ല. പക്ഷേ, അത്തരം പരാമർശങ്ങൾക്ക് ഒരു ന്യായയുക്തമായ നിയന്ത്രണം വരണമെന്ന് വിശ്വസിക്കുന്നുവെന്നും ഹണി റോസ് പറഞ്ഞിരുന്നു.

Share This Article
Leave a comment