വീണ്ടും എച്ച് എം പി വി രോഗം സ്ഥിരീകരിച്ചു. ബംഗളൂരുവിൽ മൂന്നു മാസം പ്രായമുള്ള ആൺകുഞ്ഞിനാണ് വൈറസ് ബാധ ആദ്യം സ്ഥിരീകരിച്ചത്. ഇന്നു രാവിലെ (ജനുവരി – 6) മറ്റൊരു എച്ച് എം പി വി കേസ് കണ്ടെത്തിയതും ബംഗളൂരുവിൽ തന്നെയാണ്. എട്ട് മാസമായ കുഞ്ഞിനായിരുന്നു വൈറസ് ബാധ ആദ്യം സ്ഥിരീകരിച്ചത്.
ഇതിനിടെ ചൈനയിൽ എച്ച് എം പി വി വൈറസ് ബാധ രൂക്ഷമാകുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇന്ത്യയിൽ അത്തരത്തിലുള്ള ആശങ്കയുടെ സാഹചര്യം ഇല്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നത്. ഇപ്പോൾ സ്ഥിരീകരിച്ച രണ്ടു കേസുകളും ചൈനയിൽ നിന്നുള്ള വകഭേദം ആണോയെന്ന് അറിയാൻ കഴിഞ്ഞിട്ടില്ല. ഇതു സംബന്ധിച്ച പരിശോധന തുടരുകയാണന്ന് കർണാടക ആരോഗ്യവകുപ്പ് അറിയിച്ചു.
അറിഞ്ഞിരിക്കാൻ
സാധാരണ ജലദോഷത്തിനു സമാനമായ ലക്ഷണങ്ങൾ മാത്രം കാണിക്കുന്ന ഒരു വൈറസാണ് ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ് (എച്ച് എം പി വി). ശ്വസനവ്യവസ്ഥയെയാണ് രോഗം ബാധിക്കുന്നത് എന്നത് പ്രത്യേകം ഓർക്കുക. കുട്ടികളിലും താരതമ്യേന പ്രതിരോധ ശേഷി കുറഞ്ഞവരിലുമാണ് രോഗം ഗുരുതരമാകാനുള്ള സാധ്യതയുള്ളത്. പനി, ചുമ, തൊണ്ടവേദന, തുമ്മൽ, ശ്വാസംമുട്ട്, മൂക്കൊലിപ്പ് എന്നിവയെല്ലാമാണ് ഇതിനും കണ്ടുവരുന്ന രോഗ ലക്ഷണങ്ങൾ. ശരീരസ്രവങ്ങളിലൂടെയാണ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരുന്നത് എന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധർ പറയുന്നത്. മുകളിൽ പറഞ്ഞ രോഗലക്ഷണങ്ങൾ എന്തെങ്കിലും കണ്ടാൽ സ്വയം ചികിത്സക്കു നിൽക്കാതെ വിദഗ്ധരായ ആരോഗ്യ പ്രവർത്തകരുടെ സഹായം കൃത്യസമയത്ത് തേടേണ്ടതാണ്.