ചൈനയിൽ വൈറൽ പനിയുടെയും ന്യൂമോണിയയുടെയും വ്യാപനം എന്ന നിലയിൽ വാർത്തകൾ വരുന്ന പശ്ചാത്തലത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. മഹാമാരിയാകാൻ സാധ്യത കൽപ്പിക്കുന്നതോ മറ്റു പ്രദേശങ്ങളിലേക്ക് വളരെ വേഗത്തിൽ പടർന്നു പിടിക്കുന്നതോ ആയ വൈറസുകളെ ഒന്നും ചൈനയിൽ ഈ അവസരത്തിൽ കണ്ടെത്തിയതായി റിപ്പോർട്ടുകളില്ല. എങ്കിലും നാം ജാഗ്രത പുലർത്തണം. ഹ്യൂമൻ മെറ്റാന്യൂമോ വൈറസ് (HMPV), കോവിഡ് 19 ന്റെ ചില വകഭേദങ്ങൾ, ഇൻഫ്ലുവൻസ എ വൈറസ് ബാധകൾ എന്നിവയാണ് ചൈനയിൽ പടരുന്നതായി പറയപ്പെടുന്നത്. മഹാമാരിയായി മാറത്തക്കവണ്ണം ഉള്ള ജനിതക വ്യതിയാനങ്ങൾ ഇവയിൽ ഒന്നിലും തന്നെ സംഭവിച്ചതായി റിപ്പോർട്ടുകളില്ല. എങ്കിലും ജാഗ്രത പാലിക്കേണ്ടതുണ്ട്.
ഹ്യൂമൻ മെറ്റാന്യൂമോ വൈറസിനെ കണ്ടെത്തിയത് 2001ൽ മാത്രമാണെങ്കിലും കഴിഞ്ഞ 50 വർഷത്തിൽ കൂടുതലായി കേരളം ഉൾപ്പെടെ ലോകത്തിന്റ ഏതാണ്ട് എല്ലാ ഭാഗങ്ങളിലും പ്രത്യേകിച്ചും കുട്ടികളിൽ ഈ വൈറസ് വ്യാപനം ഉണ്ടായിട്ടുണ്ട് എന്നാണ് കരുതപ്പെടുന്നത്. അതുകൊണ്ടുതന്നെ HMPVയെ അപകടകാരിയായ പുതിയ വൈറസായി കണക്കാക്കിയിട്ടില്ല. കേരളത്തിലും കുട്ടികളിൽ ഈ വൈറസ് കൊണ്ടുള്ള അണുബാധകളും ചില അവസരങ്ങളിൽ ന്യൂമോണിയകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, സ്‌റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബ് തുടങ്ങിയ സ്ഥാപനങ്ങളിൽ ഈ രോഗം കണ്ടെത്താനുള്ള സംവിധാനങ്ങളും ഉണ്ട്. വൈറസിൽ കാര്യമായ ജനിതക വ്യതിയാനങ്ങൾ സംഭവിച്ചിട്ടില്ല എങ്കിൽ HMPV ഭീതി വരുത്തുന്ന ഒരു സാഹചര്യം സൃഷ്ടിക്കാൻ സാധ്യത കുറവാണ്. എങ്കിലും കുട്ടികളിലും പ്രായമായവരിലും കാണപ്പെടുന്ന ശ്വാസകോശ സംബന്ധമായ രോഗങ്ങൾ കൃത്യമായി നിരീക്ഷിക്കേണ്ടതാണ്. ചൈന ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങളിൽ നിന്ന് വരുന്ന ആളുകളിലും ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്ന പക്ഷം അവരെയും പ്രത്യേകമായി നിരീക്ഷിക്കുന്നതാണ്. എന്നാൽ പ്രവാസികൾക്ക് പ്രത്യേകമായ നിയന്ത്രണങ്ങൾ ഒന്നും തന്നെ നിലവിൽ ആവശ്യമില്ല.
വൈറസ് വിഭാഗങ്ങളിൽ രണ്ടാമത്തേത് കോവിഡ് 19 ന്റെ പുതിയ ജനിതക വ്യതിയാനങ്ങളാണ്. അണുബാധ പടരുന്ന സാഹചര്യം ഉണ്ടായാൽ പ്രായമുള്ളവരെയും രോഗികളെയും അത് ബാധിക്കാൻ സാധ്യതയുണ്ട്. അതിനാൽ കരുതൽ വേണം. ഇനിയും പൂർണമായി അപ്രത്യക്ഷമായിട്ടില്ലാത്ത കോവിഡ് 19 ജനിതക വ്യതിയാനങ്ങൾ തിരിച്ചുവരുന്ന ഒരു സാഹചര്യം ഉണ്ടായാലും അതിനെ നേരിടാനും സംസ്ഥാനം സുസജ്ജമാണ്.
ഇൻഫ്ലുവൻസ എ എന്ന വിഭാഗത്തിൽപ്പെടുന്ന, പ്രാഥമികമായി ജന്തുക്കളിൽ നിന്നോ പക്ഷികളിൽ നിന്നോ ഉത്ഭവിച്ച് പിന്നീട് മനുഷ്യരിലേക്ക് കടന്നെത്തുന്ന ഇൻഫ്ലുവൻസ വിഭാഗത്തിൽ പെടുന്ന വൈറസ് ബാധകളാണ്. കേരളം ഇന്ന് ഏകാരോഗ്യ സമീപനത്തിലൂടെ നേരിടാൻ ശ്രമിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട രോഗങ്ങളുടെ ഒരു വിഭാഗമാണ് ഇൻഫ്ലുവൻസ. വിവിധങ്ങളായ വൈറസ് ബാധകളിൽ മഹാമാരികളാകാൻ ഏറ്റവും സാധ്യത കല്പിക്കപ്പെടുന്നതും ഇൻഫ്ലുൻസ വിഭാഗത്തിൽപ്പെട്ട പനികൾക്കാണ്. ഇൻഫ്ലുവൻസാ രോഗങ്ങളുടെ നിരീക്ഷണ സംവിധാനവും ശാക്തീകരിക്കുകയാണ്. ഗർഭിണികളായ സ്ത്രീകൾ മാസ്കുകൾ ഉപയോഗിക്കുകയും ശ്വാസകോശ അണുബാധയുള്ള ആളുകളിൽ നിന്നും അകലം പാലിക്കുകയും വേണം.
ഹ്യൂമൻ മെറ്റാന്യൂമോണിയ വൈറസ് ഉൾപ്പെടെയുള്ള അണുബാധകൾ കുഞ്ഞുങ്ങളെയും പ്രായാധിക്യം ഉള്ളവരെയും കൂടുതൽ ബാധിക്കാൻ സാധ്യതയുള്ളതിനാൽ അവരും മറ്റു ഗുരുതരമായ രോഗങ്ങൾ ഉള്ളവർ, പാലിയേറ്റീവ് ചികിത്സ എടുക്കുന്ന ആളുകൾ തുടങ്ങിയവരും കൂടുതൽ ജാഗ്രത പുലർത്തണം. രോഗങ്ങൾ ഉള്ള സമയത്ത് കുഞ്ഞുങ്ങളെ സ്കൂളിൽ വിടരുത്. ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങൾ ഉള്ളവർ തീർച്ചയായും മാസ്കുകൾ ഉപയോഗിക്കണം. നിലവിൽ ഭയപ്പെടേണ്ട യാതൊരു സാഹചര്യങ്ങളും ഇല്ല. ചൈനയിലെ അവസ്ഥ നാം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഏതെങ്കിലും രീതിയിൽ മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിക്കാൻ സാധ്യതയുള്ള രോഗാണുബാധ കണ്ടെത്തുന്ന പക്ഷം വളരെ വേഗത്തിൽ തന്നെ അതിനെ നിയന്ത്രിക്കാനും നമുക്ക് കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.