ഓസ്‌ട്രേലിയയുമായുള്ള ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ അവസാന ടെസ്റ്റിൽ ഇന്ത്യൻ ടീമിനെ പേസർ ജസ്‌പ്രീത് ബുമ്ര നയിക്കും. ക്യാപ്‌റ്റൻ രോഹിത് ശർമ അവസാനത്തെയും അഞ്ചാമത്തെയും ടെസ്റ്റിൽ കളിക്കില്ലെന്ന കാര്യം ഉറപ്പിച്ചതോടെയാണ് ബുമ്രയിലേക്ക് ചുമതലയെത്തിയത്. അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ 2-1ന് പിന്നിലാണ് ഇന്ത്യ. ആദ്യ മത്സരത്തിലായിരുന്നു ഒസീസിനെതിരെ ഇന്ത്യയുടെ വിജയം. അന്ന് രോഹിത് ശർമയുടെ അഭാവത്തിൽ ബുമ്രയായിരുന്നു ക്യാപ്‌റ്റൻ.
അവസാന ടെസ്റ്റിൽ കളിക്കുന്നില്ല എന്നത് രോഹിത് സ്വയമെടുത്ത തീരമാനമാണെന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പരിശീലകൻ ഗൗതം ഗംഭീറും ടീം ചീഫ് സെലക്‌ടർ അജിത് അഗാക്കറും രോഹിതിന്റെ തീരുമാനം അംഗീകരിച്ചതായി ദ ഇന്ത്യൻ എക്‌സ്‌പ്രസ് റിപ്പോർട്ട് ചെയ്തു. ബോർഡർ ഗവാസ്കർ ട്രോഫിയോടെ രോഹിത് ശർമ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന വാർത്തകൾ വന്നതിന് പിന്നാലെയാണ് ഓസീസിനെതിരായ അവസാന ടെസ്റ്റിൽ താരം കളിച്ചേക്കില്ല എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നത്. ഈ റിപ്പോർട്ടുകളെല്ലാം ശരിയാണെങ്കിൽ രോഹിതിന്റെ കരിയറിലെ അവസാന ടെസ്റ്റായിരുന്നു മെൽബണിലേത്.
മെൽബൺ ടെസ്റ്റിൽ ടീമിലുൾപ്പെടുത്താതിരുന്ന ശുഭ്മാൻ ഗിൽ ആയിരിക്കും രോഹിതിന് പകരക്കാരനായി സിഡ്നി ടെസ്റ്റിലുണ്ടാവുക. മൂന്നാം നമ്പർ പൊസിഷനിലായിരുക്കും ഗിൽ ബാറ്റ് ചെയ്യാനിറങ്ങുക. കഴിഞ്ഞ മത്സരത്തിൽ മൂന്നാമതായി ഇറങ്ങിയ കെ എൽ രാഹുൽ ആദ്യ മത്സരത്തിലേതെന്ന പോലെ യശ്വസി ജയ്സ്വാളിനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്യും.