മൃദംഗനാദം എന്ന പേരിൽ കൊച്ചി കലൂർ സ്‌റ്റേഡിയത്തിൽ നടത്തിയ നൃത്തപരിപാടിയുടെ മുഖ്യ സംഘാടകൻ നികോഷ്കുമാർ ഇന്ന് പൊലീസിൽ കീഴടങ്ങണമെന്ന് ഹൈക്കോടതി നിർദേശം. സ്‌റ്റേഷനിൽ എത്തുന്നതോടെ ഇയാളെ അറസ്റ്റു ചെയ്യാനാണ് പൊലിസിൻ്റെ നീക്കം. ഉമാതോമസ് എം എൽ എ അപകടത്തിൽപ്പെട്ട് പരിക്കു പറ്റിയത് ഈ പരിപാടിക്കിടെയാണ്. ഇയാൾ സ്റ്റേഷനിൽ എത്തിയില്ലെങ്കിൽ കണ്ടെത്തി അറസ്റ്റു ചെയ്യും. ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ടു നടത്തിയ പരിപാടിയിൽ സുരക്ഷാ വീഴ്ചയുണ്ടായത് മാത്രമല്ല, ഗുരുതരമായ സാമ്പത്തിക തട്ടിപ്പു നടന്നതായും പൊലിസ് സംശയിക്കുന്നു.
എന്നാൽ മൃദംഗവിഷനെതിരെ നടക്കുന്നത് അടിസ്ഥാനമില്ലാത്ത പ്രചരണമാണ് എന്നാണ് നികോഷിൻ്റെ വാദം. മൂന്നര കോടി രൂപയാണ് പരിപാടിക്കായി ലഭിച്ചത്. ഇടപാടുകളെല്ലാം ബാങ്കു വഴിയാണ് നടന്നതും. ഇതിൽ 3.10 കോടി രൂപ വിവിധ ആവശ്യങ്ങൾക്കായി ചെലവഴിച്ചിട്ടുണ്ട്. 390 രൂപയുടെ സാരി 1600 രൂപക്ക് നൽകി എന്നു പറയുന്നതിലും അടിസ്ഥാനമില്ല. 2900 രൂപ ഒരാളിൽ നിന്നു വാങ്ങി. അതിൽ 2 പട്ടുസാരി, ലഘു ഭക്ഷണം എന്നിവയും നൽകിരുന്നു. 24 ലക്ഷം രൂപ ഗിന്നസ് റെക്കോർഡ് അധികൃതർക്കും കൈമാറിയിട്ടുണ്ട്. നികോഷ്കുമാർ പറയുന്നു.
അപകടശേഷവും പരിപാടി നടത്താതിരിക്കാൻ ആകാത്ത സാഹചര്യമായിരുന്നു. പല സ്ഥലങ്ങളിൽ നിന്നെത്തിയവരാണ് പരിപാടിയിൽ പങ്കെടുത്തിരുന്നത്. സുരക്ഷ സംബന്ധിച്ചതുൾപ്പെടെയുള്ള അനുമതികൾ എടുത്തത് കൊച്ചിയിലെ തന്നെ ഒരു ഇവൻമനേജ്മെൻ്റ് കമ്പനിയാണ്. അതിനുള്ള പ്രതിഫലം അവർക്കു നൽകിയതായും നികോഷ് പറഞ്ഞു