എത്യോപ്യയിൽ ട്രക്ക് പുഴയിലേക്ക് മറിഞ്ഞ് 71 പേർ മരിച്ചു. എത്യോപ്യയുടെ തലസ്ഥാനമായ അഡിസ് അബാബയിൽ നിന്ന് ഏകദേശം 300 കിലോമീറ്റർ (186 മൈൽ) അകലെ ബോണ ജില്ലയിലാണ് അപകടമുണ്ടായത്. യാത്രക്കാരുമായി വന്ന ട്രക്ക് പുഴയിലേക്ക് മറിയുകയായിരുന്നു. പ്രാദേശിക സമയം 5.30ഓടെയാണ് അപകടമുണ്ടായത്.
68 പുരുഷൻമാരും മൂന്ന് സ്ത്രീകളും അപകടത്തിൽ മരിച്ചതായാണ് വിവരം. സിദാമ പോലീസ് കമ്മീഷൻ ട്രാഫിക് പ്രിവൻഷൻ ആൻഡ് കൺട്രോൾ ഡയറക്ടറേറ്റ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റവരെ ബോണ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.