ഗൾഫ്‌ വിമാന നിരക്കിൽ പുതുവത്സരക്കൊള്ള

At Malayalam
1 Min Read

ക്രിസ്മസ്– പുതുവത്സരം മുന്നിൽക്കണ്ട്‌ പ്രവാസികളെ കൊള്ളയടിക്കാൻ വിമാന കമ്പനികൾ. ഞായറാഴ്‌ച മുതൽ 31 വരെയുള്ള ദിവസങ്ങളിൽ ഗൾഫ് സെക്ടറുകളിൽ യാത്രാനിരക്ക് നാലിരട്ടിയോളം കൂട്ടി. കേരളത്തിൽനിന്ന്‌ ഗൾഫ് നാടുകളിലേക്കും തിരിച്ചുമുള്ള സർവീസുകളിലാണ്‌ വർധന. നവംബറിലെ നിരക്കുകളെ അപേക്ഷിച്ച് 70 ശതമാനത്തിലധികമാണ്‌ വർധന. അവധിക്കാലം മുതലെടുത്ത് കേരളത്തിലെ ആഭ്യന്തര സർവീസ്‌ നിരക്കുകൾ വർധിപ്പിച്ചതിന് പിന്നാലെയാണ് ഗൾഫ് നിരക്കും ഉയർത്തിയത്.

അടുത്ത പത്തുദിവസങ്ങളിൽ യാത്രക്കാരിൽനിന്ന്‌ വ്യത്യസ്‌ത നിരക്കുകളാണ് കമ്പനികൾ ഈടാക്കുക. എയർ അറേബ്യയുടെ ഷാർജ–നെടുമ്പാശേരി നിരക്ക് ഞായറാഴ്ച മുതൽ 48,710 വരെയായി ഉയരും. നിലവിൽ ഇത്‌ 22,620 രൂപയാണ്. എയർ ഇന്ത്യാ എക്‌സ്‌പ്രസിന്റെ ദുബായ്‌–നെടുമ്പാശേരി നിരക്ക് 35,086 രൂപയായി വർധിപ്പിച്ചു. കരിപ്പൂർ–ദുബായ്‌ നിരക്ക് 37,333 രൂപയാണ്. തിരുവനന്തപുരം, കണ്ണൂർ നിരക്ക്‌ 33,000ത്തിനും 35,000ത്തിനും ഇടയിലാണ്.

ഇൻഡിഗോയുടെ ദുബായ്‌–കരിപ്പൂർ നിരക്ക് 31,304 മുതൽ 33,569വരെയാണ്. സ്‌പൈസ്‌ ജെറ്റിന്റെ ദുബായിൽനിന്ന്‌ കേരളത്തിലേക്കുള്ള നിരക്ക് 31,304 മുതൽ 56,825 വരെയാണ്‌. എമിറൈറ്റ്‌സിന്റെ നെടുമ്പാശേരി–ദുബായ്‌ നിരക്ക് 30,120 മുതൽ 56,825 വരെയാണ്. തിരുവനന്തപുരം-ദുബായ്‌ നിരക്കിൽ നേരിയ കുറവുണ്ട് (22,620–-34,432). സൗദി മേഖലയിലും ഖത്തർ, ബഹറൈൻ, കുവൈത്ത് തുടങ്ങി എല്ലാ ഗൾഫ് സെക്ടറുകളിലും നിരക്ക് വർധനയുണ്ട്. 28,000–39,000മാണ് നിരക്ക്. ഗൾഫ് നാടുകളിൽനിന്ന് ക്രിസ്മസ് ആഘോഷിക്കാൻ നാട്ടിലെത്താൻ ആഗ്രഹിക്കുന്നവർക്ക് വർധന വലിയ പ്രയാസമാകും.

Share This Article
Leave a comment