തിരുവനന്തപുരത്തു നടന്ന 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രങ്ങളിൽ നിന്നും ഏറ്റവും മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്ക്കാരം ‘ഫെമിനിച്ചി ഫാത്തിമയ്ക്കു ലഭിച്ചു.
അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള ഫിപ്രസി പുരസ്ക്കാരവും മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്ക്കാരവും കൂടി ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ മികച്ച തിരക്കഥക്കുള്ള ജൂറി പുരസ്ക്കാരവും കെ ആർ മോഹനൻ പുരസ്ക്കാരവും സംവിധായകൻ ഫാസിൽ മുഹമ്മദ് മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി.
ഈസ്റ്റ് ഓഫ് നൂൺ, മാലു, റിഥം ഓഫ് ധമ്മാം, ദ ഹൈപ്പർബോറിയൻസ്, ദ അദർസൈഡ്, തുടങ്ങിയ ചിത്രങ്ങളുമായി കടുത്ത മത്സരത്തിനൊടുവിൽ ഫെമിനിച്ചി ഫാത്തിമ പോളിംഗിലാണ് പ്രേക്ഷകരുടെ മുക്തകണ്ഠ പ്രശംസ നേടി പുരസ്ക്കാരം കരസ്ഥമാക്കിയത്.
പൊന്നാനി തീരദേശം പശ്ചാത്തലമാക്കിയ ചിത്രത്തിൽ ഒരു വീട്ടമ്മയായ ഫാത്തിമയാണ് പ്രധാന കഥാപാത്രം. ഭർത്താവായ അഷ്‌റഫിന്റെ കർശന നിയന്ത്രണത്തിൽ ജീവിക്കുന്ന ഫാത്തിമ തന്റെ മകൻ മൂത്രമൊഴിച്ച മെത്തയ്ക്ക് പകരം പുതിയൊരു മെത്ത വാങ്ങാൻ ശ്രമിക്കുന്നതാണ് കഥയുടെ പ്രമേയം. സ്വന്തമായി അഭിപ്രായം പറയുകയോ തൻ്റെ നിലപാടുകളിൽ ഉറച്ചു നിൽക്കുകയോ ചെയ്യുന്ന സ്ത്രീകളെ ഫെമിനിച്ചി എന്ന ഓമനപ്പേരിൽ കളിയാക്കി വിളിക്കുന്ന കേരള സമൂഹത്തിൽ ‘ഫെമിനിച്ചി ഫാത്തിമ’ എന്ന ചിത്രം മുന്നോട്ടു വയ്ക്കുന്ന ചില രാഷ്ട്രീയ – ലിംഗപരമായ ചോദ്യങ്ങൾ ഏറെ പ്രസ്ക്തിയുണ്ടന്ന് നിസംശയം പറയാം.
ഫെമിനിസിത്തെപ്പറ്റിയോ ഫെമിനിസ്റ്റ് ചിന്താഗതികളെപ്പറ്റിയോ ആധികാരികമായ അറിവുനേടാൻ എനിക്ക് സാധിച്ചിട്ടില്ല. ആണും പെണ്ണും തുല്യരാണെന്ന ഫെമിനിസത്തിൽ വിശ്വസിച്ചുകൊണ്ടാണ് ഈ സിനിമ അവതരിപ്പിച്ചിരിക്കുന്നതെന്ന് സംവിധായകൻ ഫാസിൽ മുഹമ്മദ് പറഞ്ഞു.