സംസ്ഥാനത്ത് വർധിച്ചു വരുന്ന റോഡപകടങ്ങൾ കുറക്കാൻ കർശന നടപടികളുമായി സംസ്ഥാന ഗതാഗത വകുപ്പ്. സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് യാത്രക്കാരോ കാൽ നട യാത്രക്കാരോ മറ്റ് ആളുകളോ മരിക്കാനിടയായാൽ ആറു മാസക്കാലത്തേക്ക് ആ ബസിൻ്റെ പെർമിറ്റ് റദ്ദാക്കുമെന്ന് ഗതാഗത വകുപ്പു മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു. അശ്രദ്ധമായി വണ്ടി ഓടിച്ച് ആളുകൾക്ക് പരിക്കേൽക്കുന്ന സാഹചര്യമുണ്ടായാൽ മൂന്നു മാസവും പെർമിറ്റ് റദ്ദാക്കും.
സ്വകാര്യ ബസ് ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ക്ലീനർമാർക്കും പൊലീസ് ക്ലിയറൻസ് നിർബന്ധമാക്കുമെന്നും മന്ത്രി അറിയിച്ചു. സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ പരാതിയുണ്ടായാൽ അത് ബന്ധപ്പെട്ടവരെ അറിയിക്കാൻ ഉടമകൾ ബസിൽ ഫോൺ നമ്പർ പ്രസിദ്ധീകരിക്കണം. ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കാൻ ജിയോ ടാഗ് ചെയ്യാനുള്ള സംവിധാനവും ഏർപ്പെടുത്തും. ബസ് ഉടമകളുടെ സൊസെറ്റിയാണ് ഇത് ചെയ്യേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.
പെർമിറ്റ് ലഭിച്ചിട്ടുള്ള സ്വകാര്യ ബസുകൾ ലാസ്റ്റ് ട്രിപ്പ് നിർബന്ധമായി ഓടിയേ മതിയാവൂ. ഒരു വണ്ടിയെങ്കിലും ഓടണം. ഇല്ലെങ്കിൽ പെർമിറ്റ് ക്യാൻസൽ ചെയ്യും. മാർച്ച് മാസത്തിനുള്ളിൽ ബസിൽ ക്യാമറ സ്ഥാപിക്കണം.