സുരേഷ് ഗോപിയുടെ കുടുംബ വീട്ടിൽ മോഷണം. കൊല്ലം മാടൻനടയിലുള്ള വീടിനോടു ചേർന്നുള്ള ഷെഡിൽ സൂക്ഷിച്ചിരുന്ന പൈപ്പുകളും പഴയ പാത്രങ്ങളുമൊക്കെയാണ് മോഷണം പോയത്. കുറേ നാളുകളായി പൂട്ടിക്കിടക്കുകയായിരുന്നു ഈ വീട്. രണ്ടു പേർ ചേർന്നാണ് മോഷണം നടത്തിയതെന്ന് പൊലിസ് സ്ഥിരീകരിച്ചു.
ഇന്നലെ വൈകീട്ട് സുരേഷ് ഗോപിയുടെ സഹോദരൻ്റെ മകനും കുടുംബവും ഈ വീട്ടിലെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. മതിലു ചാടി ആരോ ഓടുന്നതുകണ്ട് പരിശോധന നടത്തിയപ്പോഴാണ് ഗ്രില്ല് തകർത്ത് അകത്തു കടന്ന് മോഷണം നടത്തിയതായി മനസിലാക്കിയത്. ഉടനേ ഇരവിപുരം പൊലിസിൽ വിവരമറിയിച്ചതിനെ തുടർന്ന് അവരെത്തി സി സി ടി വി അടക്കം പരിശോധന നടത്തുകയായിരുന്നു.
സംശയം തോന്നിയ രണ്ടു പേരെ പൊലിസ് ചോദ്യം ചെയ്തെങ്കിലും മോഷണം നടത്തിയത് ഇവരാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. പൈപ്പുകൾ, പാത്രങ്ങൾ, ഇരുമ്പു സാധനങ്ങൾ എന്നിവ മോഷണം പോയതായി സുരേഷ് ഗോപിയുടെ സഹോദരൻ്റെ മകൻ അറിയിച്ചു.