പുതിയ കെ പി സി സി പ്രസിഡൻ്റായി നല്ല ചെറുപ്പക്കാർ വരണം എന്ന നിലയിൽ കോൺഗ്രസിൽ ചർച്ച തുടങ്ങിയതായി വാർത്തകൾ വരുന്നു. തദ്ദേശ തെരഞ്ഞെടുപ്പോടെ കെ സുധാകരൻ ഒഴിഞ്ഞേക്കും എന്നാണ് ഈ ചർച്ചക്കാർ പറയുന്നത്. പതിവുപോലെ ഇക്കാര്യത്തിലും മത – സാമുദായിക പരിഗണനകൾക്കു തന്നെയാണ് മുൻഗണന നൽകുന്നതത്രേ ! പലരും പ്രതീക്ഷിച്ച പോലെ കെ സുധാകരന് പ്രസിഡൻ്റ് സ്ഥാനത്ത് അത്ര ശോഭിയ്ക്കാൻ കഴിഞ്ഞില്ല എന്നും ഇക്കൂട്ടർ വാദിക്കുന്നു. സുധാകരൻ പ്രസിഡൻ്റായി ശോഭിയ്ക്കാതിരിക്കാൻ പ്രായം, ആരോഗ്യം എന്നിവ കാരണമായി പറയുന്നവരുമുണ്ട്. പ്രതിപക്ഷനേതാവ് വി ഡി സതീശനോടുള്ള ചേർച്ച ഇല്ലായ്മ പൊതുവേദിയിൽ പലപ്പോഴും സുധാകരൻ പ്രകടമാക്കിയിട്ടുള്ളതും പരസ്യമായി സതീശനെ അസഭ്യം പറഞ്ഞതും മൈക്കിനു വേണ്ടി ഇരുവരും പിടിവലി നടത്തിയതും നാട്ടുകാരുടെ മുന്നിലുണ്ട്. സുധാകരൻ കൂടോത്ര പ്രയോഗങ്ങളെ നേരിട്ടതിൽ സംഭവിച്ച വീഴ്ചയും ദയനീയമായിരുന്നു പോലും! പോരെങ്കിൽ അസ്ഥാനത്തെ ചില ഭാഷാപ്രയോഗങ്ങളും രീതികളും സുധാകരന് ഏറെ ചീത്തപ്പേരുണ്ടാക്കിയവയാണന്നും ചിലർ പറഞ്ഞു നടക്കുന്നുണ്ട്.
സുധാകരൻ മാറിയാൽ യുവാക്കൾ വരണം എന്നു മാത്രമല്ല അതൊരു ക്രിസ്ത്യാനി തന്നെ ആവുകയും വേണം, പ്രത്യേകിച്ച് സീറോ മലബാർ സഭയുമായി നല്ല ബന്ധമുള്ള ആൾ വരണം എന്നതാണ് ജാതകവശാൽ കാണുന്നതെന്നും പറയപ്പെടുന്നു. മേപ്പടി ഗണത്തിൽപ്പെട്ട പ്രമുഖരായ ഒരു ഡെസൻ നേതാക്കൻമാരുടെ പേരു വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്. റോജി എം ജോൺ, മാത്യു കുഴൽനാടൻ, ഡീൻ കുര്യാക്കോസ്, ബെന്നി ബെഹനാൻ, ആൻ്റോ ആൻ്റണി തുടങ്ങിയ ‘യൗവന യുക്തരായ ‘ നേതാക്കളുടെ പേരിനാണ് മുൻ തൂക്കം എന്നും കേൾക്കുന്നു.
കോൺഗ്രസിൽ നായർ സമുദായാംഗങ്ങളുടെ കൂട്ടപ്പൊരിച്ചിൽ നടക്കുന്നതിനാൽ അതിൽപ്പെട്ട യുവാക്കൾക്ക് നിലവിൽ വേക്കൻസി ഇല്ലത്രേ !തൽക്കാലം ‘താക്കോൽ സ്ഥാന’ ത്തേക്ക് ആ സമുദായക്കാർക്കിപ്പോഴെങ്ങും ഒഴിവു കാണുന്നുമില്ല. പിന്നെ ഉള്ളത് ഈഴവ സമുദായമാണ്. ആ സമുദായത്തിൽ നിന്നുള്ള ഏറ്റവും ‘ചെറുപ്പക്കാരനായ’ അടൂർ പ്രകാശിൻ്റെ പേര് ‘വെറുതേ’ പറഞ്ഞു കേൾക്കുന്നുണ്ട്. പിന്നാക്കക്കാർ പരാതിപ്പെടാതിരിക്കാൻ ആ വിഭാഗത്തിൽ നിന്നുള്ള ‘യുവാവായ ‘ കൊടിക്കുന്നിൽ സുരേഷിൻ്റെ പേരും സജീവമായി, ‘വെറുതേ ‘ പറയുന്നുണ്ടു പോലും.
ഏതായാലും ബൂത്തു തെരഞ്ഞെടുപ്പോ പാതി വഴിയിൽ നിലച്ചു. തെരഞ്ഞെടുപ്പിനിടയിൽ പാർട്ടിക്കാർ പരസ്പ്പരം കെട്ടിപ്പിടിക്കുകയും സ്നേഹ പ്രകടനം നടത്തുകയും ചെയ്ത വകയിൽ ചില കെട്ടിടങ്ങൾ, ഫർണിച്ചറുകൾ അടക്കമുള്ള തട്ടുമുട്ടു സാധനങ്ങൾ, ചില പ്രവർത്തകരുടെ തലകൾ അടക്കമുള്ള അവയവങ്ങൾക്കൊക്കെ അല്ലറ ചില്ലറ പരിക്കുകൾ സംഭവിച്ചതിനാൽ അന്ന് തെരഞ്ഞെടുപ്പു നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. പുത്തൻ പുതിയ കോൺഗ്രസ് നേതാവ് ആരാധ്യനായ സന്ദീപ് വാര്യർജി തൻ്റെ പൂർവാശ്രമത്തിൽ പറഞ്ഞതുപോലെ “ചെറുതായിട്ട്” ചില പ്രശ്നങ്ങൾ ഉണ്ടായതൊഴിച്ചാൽ മറ്റ് അനിഷ്ട സംഭവങ്ങൾ ഒന്നുമുണ്ടായില്ല എന്ന് ആശ്വസിക്കാം.
ഏതായാലും വരാൻ പോകുന്ന പൂരം കണ്ടു തന്നെ അറിയണം രാമാ. വെള്ളപ്പൊക്കവും വരൾച്ചയും കോവിഡും നിപയും നവകേരളവും തുടർന്നുള്ള രക്ഷാപ്രവർത്തനവും ഒക്കെ അതിജീവിച്ച നമ്മൾ ഇതും അതിജീവിക്കുക തന്നെ ചെയ്യും, ഉറപ്പ്.