ഷവർമ പോലുള്ള ഭക്ഷണ സാധനങ്ങളിൽ അത് തയ്യാറാക്കിയ തീയതിയും സമയവും രേഖപ്പെടുത്തണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി. ഈ ഉത്തരവ് കൃത്യമായും കർശനമായും പാലിയ്ക്കണമെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇതു സംബന്ധിച്ച പരിശോധനകൾ കാര്യക്ഷമമായി നടത്തണമെന്നും കോടതി നിർദ്ദേശിച്ചു.
കാസർഗോഡ് ജില്ലയിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായിരുന്ന ദേവനന്ദ ഷവർമ കഴിച്ച് മരിച്ചതിനെ തുടർന്ന് കുട്ടിയുടെ അമ്മ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് ഹൈക്കോടതി ഈ നിർദേശം നൽകിയത്. ഭക്ഷണ സാധനങ്ങളുടെ ഗുണ നിലവാരം പരിശോധിച്ച് ഉറപ്പാക്കാൻ നിയോഗിക്കപ്പെട്ടവർ അത് കൃത്യമായി ചെയ്യാത്തതു കൊണ്ടാണ് തൻ്റെ കുട്ടിയ്ക്ക് ജീവഹാനി ഉണ്ടായതെന്ന് അമ്മ ഹർജിയിൽ പറഞ്ഞിരുന്നു.
ഈ വർഷം ഏപ്രിൽ മാസം മുതൽ ഒക്ടോബർ വരെ ഷവർമ വിൽക്കുന്ന സ്ഥാപനങ്ങളിൽ, ഭക്ഷ്യസുരക്ഷാ വകുപ്പു നടത്തിയ പരിശോധനയിൽ ക്രമക്കോട് കണ്ടെത്തിയതിനെ തുടർന്ന് ഏകദേശം 13 ലക്ഷത്തോളം രൂപ പിഴ ഈടാക്കിയിട്ടുണ്ടന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.