നവീൻ ബാബുവിനെ കൊന്ന് കെട്ടി തൂക്കിയെന്ന് സംശയിക്കുന്നതായി കുടുംബം

At Malayalam
1 Min Read

മുൻ കണ്ണൂർ എ ഡി എം നവീൻ ബാബുവിൻ്റെ മരണത്തെ സംബന്ധിച്ച് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹത്തിൻ്റെ കുടുംബം ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലെ കൂടുതൽ വിവരങ്ങൾ പുറത്തായി. നവീൻ ബാബുവിനെ കൊന്ന് കെട്ടിതൂക്കിയതാണോ എന്നു സംശയമുണ്ടെന്ന് കുടുംബം ഹർജിയിൽ പറയുന്നു. സംസ്ഥാന പൊലിസ് അന്വേഷണം വെറും പ്രഹസനമാണന്നും പറയുന്നുണ്ട്. നവീൻ ബാബു അത്മഹത്യ ചെയ്തതാണന്ന പൊലിസിൻ്റെ കണ്ടെത്തൽ തങ്ങൾ വിശ്വസിക്കുന്നില്ലെന്നും നവീൻ ബാബുവിൻ്റെ ഭാര്യ സമർപ്പിച്ച ഹർജിയിൽ പറയുന്നു.

കേസന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു. സി സി ടി വി അടക്കമുള്ള ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനും അവർ ഇനിയും തയ്യാറായിട്ടില്ല. യഥാർത്ഥ തെളിവുകൾ മറച്ചു വച്ച് പ്രതിയെ രക്ഷിക്കാനുള്ള തിടുക്കമാണ് പൊലിസ് കാണിക്കുന്നതെന്ന് സംശയിക്കുന്നതായും മഞ്ജുഷ ആരോപിക്കുന്നു.

ഉറ്റബന്ധുക്കളുടെ സാന്നിധ്യം പോലും ഇല്ലാതെയാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. ഇത് കൊലപാതകം മറച്ചു വയ്ക്കാനാണോ എന്നും സംശയമുണ്ട്. ഈ സാഹചര്യത്തിൽ സത്യാവസ്ഥ പുറംലോകം അറിയാനും കുറ്റക്കാർ ആരായാലും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനും സി ബി ഐ അന്വേഷണം കൂടിയേ തീരു എന്നും മഞ്ജുഷ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

- Advertisement -
Share This Article
Leave a comment