തൃശൂർ നാട്ടികയിൽ ഉറങ്ങി കിടന്നവരുടെ ദേഹത്തേക്ക് ലോറി ഓടിച്ചു കയറ്റിയ സംഭവത്തിൽ ഡ്രൈവറും ക്ലീനറും അറസ്റ്റിലായി. ലോറിയുടെ ക്ലീനറായ അലക്സാണ് മദ്യ ലഹരിയിൽ ലോറി ഓടിച്ച് ദുരന്തം വരുത്തി വച്ചത്. ഇയാൾക്ക് ഡ്രൈവിംഗ് ലൈസൻസ് ഇല്ലെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ ആലക്കോട് സ്വദേശികളാണ് ഡ്രൈവറായ ജോസും ക്ലീനറായ അലക്‌സും. തടി കയറ്റി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.
നാട്ടിക ജെ കെ തിയറ്ററിനു സമീപം നിരത്തിൽ കിടന്നുറങ്ങുകയായിരുന്ന നാടോടികളുടെ ദേഹത്തേക്കാണ് ലോറി അമിത വേഗത്തിൽ പാഞ്ഞുകയറിയത്. അഞ്ചുപേർ ഇതുവരെ മരിച്ചതായാണ് വിവരം. അതിൽ രണ്ടു പേർ കുട്ടികളാണ്. അപകടം നടന്നയുടനെ വാഹനമെടുത്ത് രക്ഷപ്പെടാൻ ഇവർ ശ്രമിച്ചെങ്കിലും ദൃക്സാക്ഷികളായ നാട്ടുകാർ ഇവരെ തടഞ്ഞുവച്ച് പൊലിസിനെ വിവരമറിയിക്കുകയായിരുന്നു. നാടോടികളായ ആറു പേരുടെ നില ഗുരുതരമായി തുടരുകയാണ്.