അഞ്ച് അണലികളും 14 കാട്ടുപാമ്പുകളും അടക്കം 33 പാമ്പുകളെ ഇതുവരെ പല ഘട്ടങ്ങളിലായി ഈ തീർത്ഥാടന കാലത്ത് ശബരിമലയിൽ നിന്ന് പിടി കൂടിയതായി വനം വകുപ്പ്. ഇവയെ എല്ലാം ഉൾവനത്തിൽ തുറന്നുവിട്ടിട്ടുണ്ട്. സന്നിധാനത്തു നിന്ന് 93 കാട്ടുപന്നികളെയും പിടി കൂടി ഉൾക്കാട്ടിൽ കൊണ്ടുവിട്ടു.
തീർത്ഥാടകർക്ക് സഹായകമാകുന്ന രീതിയിൽ വേണ്ട മുന്നൊരുക്കങ്ങൾ നടത്തിയിരുന്നതായി വനം വകുപ്പ് സ്പെഷൽ ഓഫിസർ ലിതേഷ് അറിയിച്ചു. സർക്കാർ അംഗീകൃത പാമ്പു പിടുത്തക്കാരും എലിഫൻ്റ് സ്ക്വാഡിലെ ജീവനക്കാരും സദാ സമയവും സന്നിധാനത്തും പരിസരത്തുമായി ഉണ്ട്. പരമ്പരാഗത വഴികളിൽ കല്ലുകളും മറ്റും മാർഗതടസം സൃഷ്ടിച്ചിരുന്നതായി കണ്ടെത്തുകയും അവ നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്.
സന്നിധാനത്തേക്കും തിരികെയും വരുന്ന ഭക്തർ കുറുക്കു വഴികളിലൂടെ പോകാതെ പരമ്പരാഗത വഴികളിലൂടെ മാത്രമേ യാത്ര ചെയ്യാവൂ എന്നും മറ്റു വഴികളിൽ അപകട സാധ്യത കൂടുതലാണെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.