കൃഷി വകുപ്പിലെ സ്പെഷൽ സെക്രട്ടറി എൻ പ്രശാന്ത്, വ്യവസായ വകുപ്പു ഡയറക്ടർ കെ ഗോപാലകൃഷ്ണൻ എന്നീ ഐ എ എസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും സസ്പെൻ്റു ചെയ്തു. ഇരുവരും ഗുരുതരമായ അച്ചടക്ക ലംഘനവും അഡ്മിനിസ്ട്രേറ്റിവ് സർവീസിന് അവമതിപ്പുണ്ടാക്കുന്ന രീതിയിലുള്ള പ്രവർത്തനവും നടത്തിയതായി ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ പുറത്തിറക്കിയ ഉത്തരവിൽ പറഞ്ഞിട്ടുണ്ട്. മുതിർന്ന അഡിഷണൽ ചീഫ് സെക്രട്ടറി ഡോ: ജയതിലകിനെ ഏറ്റവും മോശപ്പെട്ട ഭാഷയിൽ പ്രശാന്ത് വിമർശിച്ചപ്പോൾ ഗോപാലകൃഷ്ണനാകട്ടെ ഹിന്ദുക്കളായ ഐ എ എസ് ഉദ്യോഗസ്ഥരുടെ വാട്സ് ആപ് കൂട്ടായ്മ ഉണ്ടാക്കാൻ ശ്രമം നടത്തി എന്നതാണ് ഇരുവരുടേയും സസ്പെൻഷനിലേക്ക് നയിച്ചത്.
എന്നാൽ, തൻ്റെ വിശദീകരണം കേൾക്കാതെയാണ് തനിക്കെതിരെ നടപടി എടുത്തതെന്നാണ് പ്രശാന്ത് പറയുന്നത്. താൻ സർക്കാരിനെ വിമർശിച്ചിട്ടില്ലെന്നും സർക്കാർ നടപടിയിൽ അത്ഭുതം തോന്നുന്നതായും പ്രശാന്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാൽ സസ്പെൻഷൻ നടപടിയിൽ കെ ഗോപാല കൃഷ്ണൻ ഇതുവരേയും പ്രതികരിച്ചിട്ടില്ല.