കൊല്ലം ജില്ലയിലെ തെന്മലയിൽ കൂട്ടുകാരിയുടെ വീട്ടിൽ രാത്രി എത്തിയ യുവാവിനെ വൈദ്യുതി തൂണിൽ കെട്ടിയിട്ട് മർദിച്ച നാലു പേരെ പൊലിസ് പിടി കൂടി. സംഘത്തിലുള്ള ഒരാളെ കൂടി ഇനി കിട്ടാനുണ്ട്. ഇടമൺ സ്വദേശിയായ നിഷാദ് ആണ് ക്രൂരമായ മർദനത്തിന് ഇരയായത്. സദാചാര പൊലിസ് ചമഞ്ഞാണ് നിഷാദിനെ ഇവർ മർദിച്ചതെന്ന് പൊലിസ് പറയുന്നു.
നഗ്നനാക്കി തൂണിൽ കെട്ടിയിട്ട് മർദിച്ചതിന തുടർന്ന് ഗുരുതര പരിക്കേറ്റ ചെറുപ്പക്കാരൻ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. നിഷാദിൻ്റെ തന്നെ നാട്ടുകാരായ സുജിത്, സിബിൻ, അരുൺ, രാജീവ് എന്നിവരാണ് ഇപ്പോൾ കേസുമായി ബന്ധപ്പെട്ട് പൊലിസ് കസ്റ്റഡിയിൽ ഉള്ളത്. ഇതിൽ ഒന്നാം പ്രതിയായ സുജിതിന് നിഷാദിനോടുള്ള മുൻ വൈരാഗ്യമാണ് സംഭവത്തിൽ കലാശിച്ചതെന്ന് പൊലിസിൻ്റെ അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
ആനൂരിൽ താമസിക്കുന്ന നിഷാദിൻ്റെ കൂട്ടുകാരിയുടെ വീട്ടിൽ രാത്രിയാണ് നിഷാദ് എത്തിയത്. ഇത് ചോദ്യം ചെയ്തെത്തിയ സംഘം ആയുധങ്ങൾ ഉപയോഗിച്ചാണ് നിഷാദിനെ ആക്രമിച്ചത്. കേസിൽ പ്രതിയായ ഒരാളെ കൂടി ഉടൻ പിടി കൂടുമെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പൊലിസ് അറിയിച്ചു.